കട്ടപ്പന: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏലയ്ക്ക ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബി.ജെ.പി, കർഷക മോർച്ച നേതാക്കൾ പറഞ്ഞു. സ്‌പൈസസ് ബോർഡ് വൈസ് ചെയർമാനാണ് ബോഡിനായ്ക്കന്നൂരിലേക്ക് ലേലം മാറ്റണമെന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ സ്‌പൈസസ് ബോർഡ് ചെയർമാൻ ഡി. സത്യൻ, കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർക്ക് കർഷക മോർച്ച ജില്ലാ കമ്മിറ്റി പരാതി നൽകും. തമിഴ്‌നാട്ടിലുള്ള ചില വൻകിട വ്യാപാരികളെയും ഇടനിലക്കാരെയും മാത്രം സംരക്ഷിക്കുന്ന നിർദേശമാണ് ബോർഡ് വൈസ് ചെയർമാന്റേത്. പുറ്റടിയിലെ ലേലം തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കം നാളുകളായി നടക്കുന്നുണ്ട്. ഇന്ന് വിപണിയിലെ വില നിശ്ചയിക്കുന്നത് ഈ ലോബിയാണ്. ഇത് കർഷകരെ ബാധിക്കുന്നു. ഏലയ്ക്ക ഉത്പ്പാദനമുള്ള ഇടുക്കിയിൽ തന്നെ ലേലം തുടരണം. കർഷകർക്കും ഉത്പ്പാദകർക്കും ഗുണം ലഭിക്കണമെന്നാണ് കേന്ദ്ര സർക്കാർ നയം. ഇതുപ്രകാരമുള്ള ഇടപെടീൽ നടത്തുമെന്നും ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മോഹൻദാസ് എന്നിവർ അറിയിച്ചു.