കോട്ടയം : സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ രക്തത്തിന് ക്ഷാമമുണ്ടാകാനിടയില്ലന്നും എങ്കിലും രക്തദാനത്തിന് പ്രാധാന്യം കുറയരുതെന്നും കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. വാക്‌സിൻ എടുക്കുനതിന് ഒരാഴ്ച മുമ്പ് രക്തം ദാനം ചെയ്യാൻ തയ്യാറാവണമെന്നും കൊവിഡ് വന്ന് ഭേദമായവർ പ്ലാസ്മ ദാനം ചെയ്യണമെന്നും സാമൂഹ്യ പ്രവർത്തകർ ഇതിന്
തയ്യാറുള്ളവരെ കണ്ടെത്താൻ മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രക്തഘടക വിഭജന യൂണിറ്റുകളും ഘടകങ്ങളും സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന കൂടുതൽ രക്ത ബാങ്കുകളും ആരംഭിക്കണം. വാക്‌സിൻ എടുത്തവർ 28 ദിവസം കഴിഞ്ഞാൽ രക്തദാനത്തിന് തയ്യാറാവണം. രണ്ട് ഡോസ് വാക്‌സിനും എടുത്തവർക്ക് ഇങ്ങനെ 28 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാം. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾക്കെതിരെ യഥാർത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാൻ സാമൂഹ്യ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.