കുമരകം:അയ്മനം പഞ്ചായത്തിലെ തട്ടൂർകണ്ടം പാടശേഖരത്തെ നെല്ല് സംഭരണം വൈകുന്നു.മൂന്ന് ആഴ്ചയായി ഇവിടെ നെല്ല് കെട്ടിക്കിടക്കുകയാണ്. ഇത് കർഷകർക്ക് കനത്ത നഷ്ടത്തിന് കാരണമാകും. കഴിഞ്ഞ ഏഴിനാണ് പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായത്. 85 ഏക്കർ വരുന്ന പാടശേഖരത്ത് 52 കർഷകരാണുള്ളത്. മേരിമാതാ റൈസ് മില്ലിനെയാണ് പാടശേഖരത്തെ നെല്ല് സംഭരിക്കാൻ സപ്ലൈക്കോ ചുമതലപ്പെടുത്തിയത്. എന്നാൽ ഗോഡൗൺ നിറഞ്ഞു എന്ന കാരണത്താൽ നെല്ല് സംഭരിക്കാൻ കഴിയില്ലെന്നാണ് മില്ലുകാരുടെ ഏജന്റ് കർഷകരെ അറിയിച്ചത്. തുടർന്ന് നെല്ല് സംഭരിക്കാൻ കാഞ്ഞിരം സ്വദേശിയായ ഏജന്റ് ക്വിന്റലിന് 10 കിലോ കിഴിവാണ് ചോദിച്ചത് .സമീപ പാടശേഖരത്തെ രണ്ടാം കൃഷിയുടെ നെല്ല് ആറ് കിലോ കിഴിവിന് സംഭരിക്കുമ്പോഴാണ് പുഞ്ചകൃഷി മാത്രം ഇറക്കുന്ന തട്ടൂർകണ്ടം പാടത്തെ ഗുണനിലവാരമുള്ള നെല്ലിന് അമിതമായ താര (കിഴിവ്) ചോദിക്കുന്നത് .നാലു കിലോഗ്രാം വരെ കിഴിവു നൽകാൻ കർഷകൻ തയാറായെങ്കിലും ഇതുവരെ നെല്ലു സംഭരണം നടത്താനായിട്ടില്ല.
കിളിർത്ത് നശിക്കും
ഇനിയും സംഭരണം വൈകിയാൽ നെല്ല് നനഞ്ഞ് കിളിർത്ത് നശിക്കാൻ സാധ്യത ഏറെയാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതിനെ തുടർന്നുണ്ടാകുന്ന വേലിയേറ്റമാണ് ആശങ്ക സൃഷ്ടിക്കുന്നത്. പാഡി മാർക്കറ്റിംഗ് ഓഫിസർ പ്രശ്നത്തിൽ ഇടപെടണമെന്ന് പാടശേഖരസമതി സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു.