കറുകച്ചാൽ:കൊവിഡ് ബാധിതർക്കായി കറുകച്ചാൽ പഞ്ചായത്തിൽ ഡി.സി.സി പ്രവർത്തനം ആരംഭിക്കുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ സി.എഫ്.എൽ.ടി.സിയ്ക്കായി ഏറ്റെടുത്ത ബംഗ്ലാംകുന്നിലെ മാർത്തോമാസഭയുടെ സെമിനാരി കെട്ടിടത്തിലാണ് സൗകര്യങ്ങളൊരുക്കുന്നത്. നേരത്തെ 25 ലക്ഷം രൂപയ്ക്ക് കിടക്കകളടക്കമുള്ള എല്ലാ സംവിധാനങ്ങളും പഞ്ചായത്ത് ഒരുക്കിയെങ്കിലും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിലെ കൊവിഡ് ബാധിതരായവർ കുറിച്ചി, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിലെ സി.എഫ്.എൽ.ടി.സികളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭിക്കാത്തതിനാലാണ് കെട്ടിടം ഡി.സി.സിയായി പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. 30 പേർക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.