കോട്ടയം: അടുത്ത മാസം മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ കൊടുത്ത് തുടങ്ങുമ്പോൾ രക്ത ദൗർലഭ്യം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പരമാവധി രക്തം എത്തിക്കാൻ ക്യാമ്പുകൾ നടത്തുകയാണ് യുവജന സംഘടനകൾ. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച അടക്കമുള്ള സംഘടനകൾ 'വാക്‌സീനെടുക്കും മുൻപേ രക്തം ദാനം ചെയ്യൂ' എന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
രക്തദാതാക്കളിൽ ഏറിയപങ്കും 18-45 പ്രായപരിധിയിലുള്ളവരാണ്. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ (എൻ.ബി.ടി.സി) മാർഗനിർദേശമനുസരിച്ച് വാക്‌സിൻ എടുത്ത് 28 ദിവസം വരെ രക്തദാനം പാടില്ല.
ഉണ്ടായേക്കാവുന്ന പ്രതിസന്ധി
രക്തദാന സന്നദ്ധതയുള്ളയാൾ വാക്‌സിനെടുത്ത് 28 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് കൂടിയെടുക്കും. വീണ്ടും 28 ദിവസം കഴിഞ്ഞാൽ മാത്രമേ രക്തദാനം സാദ്ധ്യമാകൂ. ഏകദേശം രണ്ട് മാസത്തോളം രക്തം ദാനം ചെയ്യാൻ കഴിയില്ല. ഇതുണ്ടാക്കുന്ന പ്രതിസന്ധി ഗുരുതരമാണ്. നിലവിൽ ആഴ്ചയിൽ ഒരു ബ്ലഡ് ബാങ്കിൽ രക്തദാന സന്നദ്ധത അറിയിച്ച് എത്തുന്ന വ്യക്തികളിൽ അഞ്ചു പേരെങ്കിലും വാക്‌സീൻ സ്വീകരിച്ചവരോ കൊവിഡ് ബാധിച്ച് രോഗം ഭേദമായശേഷം നിശ്ചിത കാലാവധി പൂർത്തിയായിട്ടില്ലാത്തവരോ ആണ്. വന്നയാൾക്ക് ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ച് 14 ദിവസത്തിന് ശേഷവും ആന്റിജൻ പരിശോധന നടത്തി 28 ദിവസത്തിനു ശേഷവും മാത്രമേ രക്തം ദാനം ചെയ്യാൻ സാധിക്കൂ.
'' രക്തദാന കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറ്റുമാനൂരടക്കമുള്ള സ്ഥലങ്ങളിൽ രക്തദാനം പൂർത്തിയായി. ജില്ല മുഴുവൻ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം''
എം.എസ്. ദീപക്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി
'' യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണ്ഡലാടിസ്ഥാനത്തിൽ താലൂക്ക് ആശുപത്രികളിൽ രക്തദാനം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി''
-ചിന്റു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
'' യുവമോർച്ച ദേശീയതലത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഇന്നലെ ജനറൽ ആശുപത്രിയിൽ പ്ളാസ്മ ദാനം നടന്നു. വരുംദിവസങ്ങളിലും രക്തദാനം വ്യാപിപ്പിക്കും''
അഖിൽ രവീന്ദ്രൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്