chair-

ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് വിശ്രമിക്കാൻ കസേരയും പന്തലും ഒരുങ്ങുന്നു. സി.പി.എം ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തുന്നവരുടെ ദുരിതം മനസിലാക്കി അടിസ്ഥാനം സൗകര്യം ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിത്യേന ആയിരക്കണക്കിന് ആളുകളാണ് ആശുപത്രയിൽ പരിശോധനയ്ക്കായി എത്തുന്നത്. പേവാർഡിന് മുൻവശത്തായും സമീപത്തെ ഒഴിഞ്ഞ ഭാഗങ്ങളിലുമായിട്ടാണ് വലിയപന്തൽ ഒരുങ്ങുന്നത്. പരിശോധനയ്ക്ക് എത്തുന്നവർക്ക് ഇരിക്കാനുള്ള നൂറോളം കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.എൽ അജിത്കുമാറിന് ഏരിയ സെക്രട്ടറി കെ.സി ജോസഫ് കൈമാറി. പി.എ നിസാർ, പി.ആർ അനിൽകുമാർ, ആർ.എസ് സതീശൻ, ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.