കോട്ടയം: രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവർ വെട്ടിലായി. 42 ദിവസം കഴിഞ്ഞിട്ടും മിക്കവർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടില്ല . ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയെങ്കിലും സൈറ്റിൽ കയറിയാൽ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ല.
കോട്ടയം നഗരത്തിൽ ബേക്കൽ എൽ.പി സ്കൂൾ മാത്രമാണ് വാക്സിനേഷൻ സെന്റർ. കോട്ടയം മെഡിക്കൽ കോളേജ് കൂടാതെ ഗ്രാമീണ മേഖലയിലടക്കം 35 വാക്സിനേഷൻ സെന്ററുകൾ ജില്ലയിലുണ്ട്. എന്നാൽ രജിസ്ട്രേഷൻ ലഭിക്കാതെ വാക്സിൻ എടുക്കേണ്ടവർ ബുദ്ധിമുട്ടുകയാണ്. അതേ സമയം ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്കും മറ്റും ചട്ടം ലംഘിച്ച് വാക്സിനേഷൻ നൽകുന്നതായി പരാതിയുമുണ്ട്.
ബേക്കർ സ്കൂളിൽ ദിവസം 1000 പേർക്ക് കുത്തിവെപ്പ് അവസരം ഉണ്ട്. ആയിരം കഴിഞ്ഞാൽ തീയതി ലഭിക്കില്ല മറ്റിടങ്ങൾ തെരഞ്ഞാൽ ദൂരസ്ഥലങ്ങളാവും ലഭിക്കുക.
തിരഞ്ഞെടുപ്പ് സമയത്ത് മാദ്ധ്യമ പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ആദ്യ ഡോസ് എടുത്തിരുന്നു. എന്നാൽ വോട്ടെണ്ണൽ ഡ്യൂട്ടിയള്ള പലർക്കും ഇപ്പോൾ രണ്ടാം ഡോസ് എടുക്കാൻ സമയമായില്ല. സമയമായവർക്ക് നൽകാൻ വാക്സിനുമില്ല. ഇവരും രണ്ടാം ഡോസ് എടുത്തതിന്റെ രേഖയോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കിയാലേ വോട്ടണ്ണൽ കേന്ദ്രത്തിൽ കയറാനാവൂ.സ്ഥാനാർത്ഥികളുടെ പോളിംഗ് ഏജന്റന്മാരുടെ കാര്യവും ഇങ്ങനെ തന്നെ.
വാക്സിനേഷന് കടുതൽ സെന്റർ അനുവദിക്കുകയും കൂടുതൽ മരുന്ന് ലഭ്യമാക്കുകയും ചെയ്താലേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകൂ. ഓൺലൈൻ ആപ്പ് കുറ്റമറ്റതാക്കുകയും വേണം. അതിന് സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
തിരുവഞ്ചൂരിനും കിട്ടിയില്ല
രണ്ടാം ഡോസ് കിട്ടാത്തതിന് മാദ്ധ്യമപ്രവർത്തകർ പരാതിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയെ സമീപിച്ചപ്പോൾ അദ്ദേഹം തന്റെ നിസ്സഹായത വെളിപ്പെടുത്തി. സമയമായിട്ടും രണ്ടാമത്തെ ഡോസ് അദ്ദേഹത്തിനും കിട്ടിയില്ല!