കട്ടപ്പന: ചിന്നമ്മ കൊലപാതക കേസിൽ പ്രതിയെ കണ്ടെത്താത്തതിലും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സിബി പാറപ്പായി, ശ്രീനഗരി രാജൻ, സിജു ചക്കുംമൂട്ടിൽ, സിജോമോൻ ജോസ്(രക്ഷാധികാരികൾ), മാത്യു ജോസഫ്(ചെയർമാൻ), പ്രസാദ് അമൃതേശ്വരി(കൺവീനർ), സന്തോഷ് സി.കെ. (വൈസ് ചെയർമാൻ), അനീഷ് കാരിക്കാമറ്റം(ജോയിന്റ് കൺവീനർ), സി.കെ. ശശി(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മാസ് പെറ്റീഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൗൺസിൽ നൽകും. തുടർനടപടി വൈകിയാൽ കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസ് പടിക്കൽ മാർച്ചും ധർണയും ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ(65) യെ എട്ടിന് പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞതോടെ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നു. ജോർജ്, ബന്ധുക്കൾ, അയൽവാസികൾ, വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികൾ ഉൾപ്പെടെ 70ൽപ്പരം പേരെ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ സൂചനകളൊന്നും ലഭിച്ചില്ല. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മുറ്റത്തും പുരയിടത്തിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസികിന്റെ സഹായം വീണ്ടും തേടുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.