കട്ടപ്പന: ജൈവ വൈവിദ്ധ്യ സംരക്ഷണവും സുസ്ഥിര ജീവനോപാധി വികസനവുമായി ബന്ധപ്പെട്ട് അഞ്ചുനാട് മേഖലയിലെ 11 പഞ്ചായത്തുകളിൽ ലക്ഷ്യമിടുന്ന പദ്ധതി നടത്തിപ്പിൽ ആശങ്കയുണ്ടെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ജനങ്ങളുടെ സഹകരണമില്ലാതെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 2014ൽ നടപ്പാക്കാൻ ശ്രമിച്ച ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിക്കെതിരെയും ജനരോഷമുയർന്നിരുന്നു. ഇടുക്കി, എറണാകുളം, ത്യശൂർ ജില്ലകളിലായി 34 പഞ്ചായത്തുകളിലെ 11650 ഹെക്ടർ ഭൂമി സംരക്ഷിത മേഖലയാക്കുന്നതിനും 84600 ഹെക്ടർ അതീവ ജൈവ വൈവിദ്ധ്യ മേഖലയാക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരുന്നത്. വനം വകുപ്പിനായിരുന്നു നിർവഹണ ചുമതല. എന്നാൽ ജനരോഷത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയും പകരം ജൈവ വൈവിദ്ധ്യ സംരക്ഷണം, സുസ്ഥിര ജീവനോപാധി വികസനം തുടങ്ങിയ ലക്ഷ്യങ്ങളോടെ മറ്റൊരു പദ്ധതി നിർദേശിക്കുകയും ചെയ്തിരുന്നു. ജൈവ ക്യഷി പ്രോത്സാഹനം, ജലസംരക്ഷണം, മാലിന്യ നിർമാർജനം, പച്ചക്കറിക്കൃഷി പ്രോത്സാഹനം, മൂല്യവർദ്ധിത ഉത്പന്ന സംസ്‌കരണംവിപണനം, കാർബൺ ന്യൂട്രൽ പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇവ ഗ്രാമസഭകളിൽ ചർച്ച ചെയ്യണമെന്ന് തീരുമാനിച്ച് ഹരിത കേരളം മിഷന് നിർവഹണ ചുമതല നൽകി. വന സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ വനം വകുപ്പിനെയും ഏൽപിച്ചു. എന്നാൽ ജനവാസ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികൾ ഗ്രാമസഭകളിൽ ചർച്ച ചെയ്യുന്നില്ലെന്ന് സമിതി ആരോപിച്ചു. വനം വകുപ്പിനെ ഏൽപിച്ച പദ്ധതികൾ വനാതിർത്തികളിലെ താമസക്കാരെ ദ്രോഹിക്കുന്നതിനും വനമേഖല വിപുലീകരിക്കുന്നതിനും ഉപയോഗിക്കാൻ ശ്രമിച്ചാൽ സംഘടിതമായി ചെറുക്കും. നിലവിൽ പല സ്ഥലങ്ങളിലും വനപാലകരും ജനങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ തർക്കങ്ങൾ വർദ്ധിക്കാൻ കാരണമാകും. വിഷയത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും ജനറൽ കൺവീനർഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി തുടങ്ങിയവർ ആവശ്യപ്പെട്ടു.