കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു യൂണിറ്റുകളുള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പിയിൽ എത്തുന്നത്. അതിനാൽ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതൽ 15 വരെയാക്കി. ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയകൾ തുടരും. എന്നാൽ ഒരു ദിവസം 50 മുതൽ 60 വരെ രോഗികൾ മാത്രമേ കീമോ, റേഡിയേഷൻ ചികിത്സയ്ക്ക് എത്താവു. തുടർ ചികിത്സയ്ക്ക് എത്തുന്നവർ പരമാവധി 30 പേർ മാത്രം. കിടത്തി ചികിത്സയ്ക്ക് എത്തുന്ന രോഗിയും കുട്ടിരിപ്പുകാരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം. അടിയന്തിര ഘട്ടത്തിലുള്ള രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് മുൻപ് തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തിയ ശേഷമേ, മെഡിക്കൽ കോളജിൽ എത്തിക്കാവൂയെന്നും മെയ് 31 വരെ നിയന്ത്രണം ബാധകമാണെന്നും അധികൃതർ അറിയിച്ചു.