പാലാ:ജനറൽ ആശുപത്രിയ്ക്ക് നൂറ്റി ഇരുപത് സിലിണ്ടറുകൾക്ക് തുല്ല്യമായ സംഭരണ ശേഷിയുള്ള വലിയ തരം ഓക്‌സിജൻ ടാങ്ക് വാങ്ങാൻ നടപടി ആരംഭിച്ചു.ഇതിനുള്ള ശുപാർശകത്ത് ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതർ കൈമാറി. ഉയർന്ന അളവിൽ ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. ഇന്ന് വൈകുന്നേരം 49 സിലിണ്ടർ കൂടി ലഭിക്കും. പതിനഞ്ച് സിലിണ്ടർ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്. ഇതോടൊപ്പം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശുപത്രികൾക്കായുള്ള ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് അനുവദിച്ചു കിട്ടുന്നതിനായി തോമസ് ചാഴികാടൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കും കത്ത് നൽകി. ഇതിനായി സംസ്ഥാന സർക്കാർ ശുപാർശ ആവശ്യമാണ്. ഇതു സംബന്ധിച്ച് ഇന്നലെ ആശുപത്രി മനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞറേക്കരയും കമ്മിറ്റി അംഗം ജയ്‌സൺ മന്തോട്ടവും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും തോമസ് ചാഴികാടനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. രാമപുരം ഗവ: ആശുപത്രിക്കും പ്രത്യേക പ്ലാന്റിനായി ശുപാർശ ചെയ്തതായി തോമസ് ചാഴികാടൻ അറിയിച്ചു. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എം.പി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പാലാ ജനറൽ ആശുപത്രിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികൾ 50 സിലിണ്ടറുകൾ ലഭ്യമാക്കിയിരുന്നു.

10 ജീവനക്കാർക്ക് കൊവിഡ്

പാലാ ജനറൽ ആശുപത്രിയിലെ 10 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
ഇതിനിടെ ആന്റിജൻ കിറ്റിനും, ആർ.ടി.പി.സി.ആർ ടെസ്റ്റിനായുള്ള വി.ടി.എംനും ക്ഷാമവുമുണ്ടായതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായി.

വോട്ടെണ്ണലുമായി ബന്ധപ്പെട്ടവർക്ക് വെള്ളിയാഴ്ചയെങ്കിലും ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണ്ടതുമുണ്ട്: ആശുപത്രിയിൽ രോഗികൾ നിറഞ്ഞതോടെ മറ്റ് രോഗികൾക്ക് അഡ്മിറ്റാകാനാകാത്ത സ്ഥിതിവിശേഷം നിലനിൽക്കുന്നതിനാൽ നഗരസഭ പ്രദേശത്തെ പ്രത്യേക നിരീക്ഷണം ആവശ്യമുള്ള രോഗികൾക്കായി ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കൂടി ആരംഭിക്കാൻ നഗരസഭ ആരോഗ്യവിഭാഗം നടപടി തുടങ്ങി.