പാലാ: പാവപ്പെട്ട കൊവിഡ് രോഗികളെയും കുടുംബത്തേയും സഹായിക്കാൻ പദ്ധതി ആരംഭിച്ചതായി കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അറിയിച്ചു. ഇവർക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്യാൻ ഭരണ പ്രതിപക്ഷാംഗങ്ങൾ സ്വന്തം ഒാണറേറിയം സംഭാവന ചെയ്യും. നാളെ മുതൽ ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റ് നൽകിത്തുടങ്ങും. ചില സംഘടനകളും വ്യക്തികളും പദ്ധതിയിൽ പങ്കാളികളാകാൻ മുന്നോട്ടു വന്നിട്ടുണ്ട്.
കരൂർ പഞ്ചായത്തിലെ ഏഴു വാർഡുകളിലായി ഇരുനൂറോളം പേരിലേക്ക് കൊവിഡ് പടർന്നു കഴിഞ്ഞു. 1,2,7,9,11,14,15 വാർഡുകൾ കണ്ടെയ്‌മെന്റ് സോണിലാണ്. പാവപ്പെട്ട കുടുംബങ്ങൾ മാത്രമുള്ള ചില കോളനികളിലും നിരവധി പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരാണ് മിക്കവരും. ഗൃഹനാഥൻമാർക്ക് രോഗം പിടിപെട്ടതോടെ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത ദുരവസ്ഥയിലേക്ക് നീങ്ങുകയാണ് പല കുടുംബങ്ങളും. ഇതേ തുടർന്നാണ് ഇവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാൻ പഞ്ചായത്ത് മെമ്പർമാർ തയ്യാറായത്. പാവപ്പെട്ട കുടുംബത്തിലെ കൊവിഡ് രോഗികളെ ആശുപത്രിയിലാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.