ലേലം തമിഴ്നാട്ടിലേക്ക് മാറ്റാൻ ശ്രമം
പിന്നിൽ ഉത്തരേന്ത്യൻ -തമിഴ്നാട് ലോബിയെന്ന് കർഷകരും വ്യാപാരികളും
കോട്ടയം: കൊവിഡ് രണ്ടാം തരംഗത്തോടെ ഏലയ്ക്കയുടെ വില കൂപ്പുകുത്തി. കഴിഞ്ഞ ഡിസംബറിൽ 3000 രൂപ വിലയുണ്ടായിരുന്ന രണ്ടാം തരം ഏലയ്ക്കാക്ക് ഇന്നലെ കിലോക്ക് ആയിരം രൂപയിലാണ് കച്ചവടം നടന്നത്. കൊവിഡ് വ്യാപനത്തോടെ ആഭ്യന്തര വിപണി തകർന്നതാണ് വിലത്തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. കിലോഗ്രാമിന് 850 മുതൽ 1000 രൂപയ്ക്കാണ് കട്ടപ്പന, വണ്ടൻമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില്ലറ വില്പന നടന്നത്. 2020 ജനുവരി നാലിന് നടന്ന ലേലത്തിൽ റെക്കോർഡ് വിലയായ 7000 രൂപയായിരുന്നു ഒന്നാംതരം ഏലയ്ക്കയേത്. അത് ഇപ്പോൾ 2,000 രൂപയിലെത്തി നിൽക്കുകയണ്.
അതേസമയം, പുറ്റടി സ്പൈസസ് പാർക്കിൽ നടത്തുന്ന ഇ-ലേലം നിർത്തിവയ്ക്കാൻ സ്പൈസസ് ബോർഡ് അണിയറയിൽ നീക്കം നടത്തുകയാണെന്ന ആരോപണം ശക്തമായി. തമിഴ്നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ മാത്രമായി ലേലം ചുരുക്കണമെന്ന് കാട്ടി സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്‌റ്റെനി പോത്തൻ സ്‌പൈസസ് ബോർഡ് സെക്രട്ടറിക്ക് കത്ത് നൽകിക്കഴിഞ്ഞു. വിവരമറിഞ്ഞ് വിവിധ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിന്റെ മറവിൽ കേരളത്തിലെ ഏലക്കാ ലേലം നിർത്തിവയ്‌ക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് വൈസ് ചെയർമാന്റെ കത്ത്. ഇതിനുപിന്നിൽ തമിഴ്നാട് - ഉത്തരേന്ത്യൻ ലോബിയാണെന്നാണ് കർഷകരുടെ സംശയം. കൊവിഡിന്റെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ വ്യാപാരികൾക്ക് കേരളത്തിൽ എത്താൻ കഴിയുന്നില്ലെന്ന വാദം നിരത്തിയാണ് ലേലം ബോഡിനായ്‌ക്കന്നൂരിലേക്ക് മാറ്റാൻ സ്പൈസസ് ബോർഡ് ശ്രമിക്കുന്നത്. എന്നാൽ, കേരളത്തിലും തമിഴ്നാട്ടിലും ഒരു പോലെ രോഗവ്യാപനമുണ്ടെന്ന് കർഷകരും കേരളത്തിലെ വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. പുറ്റടിയിലെ ലേലം നിർത്തലാക്കിയാൽ ഏലയ്‌ക്കാ വിലയുടെ നിയന്ത്രണം അടക്കം തമിഴ്നാട് ലോബിക്ക് കൈപ്പിടിയിലാക്കാനാകും. ഇതിന് മുമ്പും പുറ്റടിയിലെ ലേലം നിർത്താൻ ലോബികൾ ശ്രമം നടത്തിയിരുന്നതായി കർഷകർ പറയുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ലേലത്തിനായി തമിഴ്നാട്ടിൽ നിന്ന് വരേണ്ടിയിരുന്ന ഉദ്യോഗസ്ഥരെ കടത്തി വിടാതെ ലേലം മുടക്കാനായിരുന്നു ശ്രമം. പിന്നീട് കർഷരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് ഉന്നത ഇടപെടലിന് ശേഷമാണ് ലേലം പുനരാരംഭിച്ചത്.
പുറ്റടിയിൽ ലേലം മുടങ്ങിയാൽ ഇടുക്കി ജില്ലയിൽ ഉത്പ്പാദിപ്പിക്കുന്ന ഏലക്ക വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യം വരികയും കിട്ടുന്ന വിലക്ക് ഉൽപ്പന്നം കൊടുക്കാൻ കർഷകർ നിർബന്ധിതരാകുകയും ചെയ്യും. വിപണികൾ തകർന്നതോടെ കൈയ്യിലുള്ള ഏലക്കായ കിട്ടുന്ന വിലക്ക് വില്ക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ. സീസൺ ആരംഭിച്ചതിനാൽ ഇനിയും വില താഴുമെന്നാണ് കർഷകർ ഭയപ്പെടുന്നത്.
കുറഞ്ഞവിലയിൽ ലേലം
കഴിഞ്ഞയാഴ്ച ബോഡിനായ്‌ക്കന്നൂരിൽ നടന്ന എസ്.ഐ.ജി.സി.സിയുടെ ആദ്യ ലേലത്തിൽ 281 ലോട്ടുകളിലായി എത്തിയ 87,032 കിലോഗ്രാം ഏലയ്ക്കയിൽ 63,524 കിലോയും വിറ്റുപോയി. ഉയർന്ന വില 2177 രൂപയും ശരാശരി 1053.7 രൂപയുമായിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന ഗ്രീൻഹൗസ് കാർഡമം മാർക്കറ്റിംഗിന്റെ ലേലത്തിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി വില രേഖപ്പെടുത്തി. 1041.09 രൂപ. 216 ലോട്ടുകളിലായി എത്തിയ 39,139 കിലോയിൽ 35,259 കിലോ വിറ്റുപോയി. 1770 രൂപയാണ് ഉയർന്ന വില.