കോട്ടയം: മുൻപൊക്കെ തൊടിയിൽ ആർക്കും വേണ്ടാതെ കിടന്നിരുന്ന ചക്കയും ഇപ്പോൾ വഴിയോരവിപണിയിലെ താരമായി. കൊവിഡ് പ്രതിസന്ധിയിലും ചക്ക വിപണി സജീവമാണ്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധി പേരാണ് വിൽക്കാനുള്ള ചക്കയുമായി വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീടുകളിലെ ചക്ക വഴിയോരങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നവരും മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടു വന്ന് വിൽപ്പന നടത്തുന്നവരുമുണ്ട്.
ലോക്ഡൗൺ കാലത്ത് മലയാളിയുടെ പ്രിയ ഭക്ഷണമായി മാറിയ ചക്കയുടെ ലഭ്യത ഇത്തവണ കുറവാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിളവിൽ 60 ശതമാനത്തിന്റെ കുറവുണ്ട്. വിളയും മുൻപ് ചക്ക കൊഴിഞ്ഞു പോകുന്ന സ്ഥിതിയുമുണ്ട്. ചുളയ്ക്കും കുരുവിനും വലിപ്പ കുറവും കാണപ്പെടുന്നു.
വിഷാംശം ഇല്ലാത്തള ഫലം എന്ന നിലയ്ക്ക് ചക്കയ്ക്ക് വൻഡിമാൻഡാണ്. ചക്കപ്പൊടിയടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ സംസ്‌കരണശാലകളും രംഗത്തുണ്ട്. വരിക്കച്ചക്കയ്ക്കായിരുന്നു മുൻപ് പ്രിയമെങ്കിൽ ഇപ്പോൾ ഏതു ചക്ക കിട്ടിയാലും മതി എന്ന സ്ഥിതിയായി. കഴിഞ്ഞ സീസണിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു ചക്ക കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇത്തവണ ചക്ക ശേഖരിക്കുന്നവർ ലോഡ് നിറയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. കൊവിഡ് മൂലം ചക്ക മഹോത്സവവും മറ്റ് വിപണന മേളകളും ഇത്തവണയില്ല.
ചക്ക (ഒരുകിലോയ്ക്ക്) 20 രൂപ