p-j-joseph

കോട്ടയം: കേരള കോൺഗ്രസ് പുന:സംഘടനയിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം സ്വീകരിക്കാതെ ഇടഞ്ഞു നിൽക്കുന്ന ഫ്രാൻസിസ് ജോർജിനെ മോൻസ് ജോസഫിനൊപ്പം എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം നൽകി അനുനയിപ്പിക്കാൻ പി.ജെ.ജോസഫ് ശ്രമം തുടങ്ങി. പാർട്ടി ഭാരവാഹി പ്രഖ്യാപനത്തെ തുടർന്ന് സീനിയർ നേതാക്കൾക്കിടയിലുണ്ടായ ഭിന്നത പിളർപ്പിന് വരെ വഴിവയ്ക്കാമെന്നതിനാലാണ് ജോസഫിന്റെ ഇടപെടൽ ,

മോൻസ് ജോസഫിനും, ജോയ് എബ്രാഹത്തിനും കീഴിൽ മറ്റു രണ്ട് പേർക്കൊപ്പം ഡെപ്യൂട്ടി ചെയർമാനായിരിക്കാനില്ലെന്ന് പി.ജെ.ജോസഫിനെ അറിയിച്ച ഫ്രാൻസിസ് ജോർജ്, ഹൈ പവ്വർ കമ്മിറ്റിയിൽ പങ്കെടുക്കാതെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. തുടർന്ന്, ജോസഫിന്റെ നിർദ്ദേശപ്രകാരം അനുനയ നീക്കവുമായി മകൻ അപു ജോസഫ് ഫ്രാൻസിസ് ജോർജിനെ വസതിയിലെത്തി കണ്ടെങ്കിലും വഴങ്ങിയില്ല. ഫ്രാൻസിസ് ജോർജ് പരസ്യമായി പ്രതികരിച്ചതോടെയാണ്, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം നൽകാൻ നീക്കം. ഇത് അംഗീകരിച്ചേക്കും.

ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള, ജോസഫ് എം പുതുശേരി തുടങ്ങിയവരും ഭാരവാഹി പ്രഖ്യാപനത്തിൽ അതൃപ്തരാണ്. അറയ്ക്കൽ ബാലകൃഷ്ണപിള്ളയും വൈസ് ചെയർമാൻ സ്ഥാനം നിരസിച്ചിട്ടുണ്ട്.കെ.എം മാണിയുടെ പാർട്ടിയിൽ മൂന്ന് വൈസ് ചെയർമാൻമാരിലൊരാളായിരുന്ന തനിക്ക് പത്തിലൊരാളാകാൻ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പാർട്ടി ഭരണഘടനയ്ക്കു വിപരീതമായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിനു നിയമസാധുതയില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മുൻകൂർ നോട്ടീസ് നൽകി സംസ്ഥാന കമ്മിറ്റി വിളിച്ചു മാത്രമേ ഭാരവാഹികളെ തിരഞ്ഞെടുക്കാവൂ. കെ.എം. മാണിയുടെ മരണശേഷം ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന കമ്മിറ്റി വിളിച്ച് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ആരോപിച്ചായിരുന്നു ജോസഫ് വിഭാഗം ഇടുക്കി കോടതിയെ സമീപിച്ചത്.

അതാവർത്തിച്ചെന്നാണ് പരാതി.