ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികളായ സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പരാതി. ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 65 പേരെയാണ് പ്രവേശിച്ചിപ്പിച്ചിരിക്കുന്നത്. മുൻസിപ്പൽ ടൗൺ ഹാളിൽ 50 കൊവിഡ് രോഗികൾക്കുള്ള ചികിത്സാ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കാൻ സൗകര്യങ്ങളില്ല. ഇവർക്കായി പുതിയ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ നീളുകയാണ്. വിഷയം നഗരസഭാധികാരികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ ജനവാസം ഏറെയുള്ള മേഖലകളിലും കോളനികളിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ ഏറെ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. നഗരസഭകളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും ജനപ്രതിധികളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി കൊവിഡ് സെല്ലുകൾ രൂപീകരിച്ച് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.