പാലാ: ഭരണപക്ഷത്തെ തമ്മിലടിയും തുടർന്നുണ്ടായ വിവാദങ്ങൾക്കും ശേഷം പാലാ നഗരസഭാ കൗൺസിൽ യോഗം നാളെ വീണ്ടും ചേരും. ഓൺലൈനായാണ് കൗൺസിൽ യോഗം ചേരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ചാണ് ഓൺലൈനായി കൗൺസിൽ യോഗം നടത്തുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ നാളെ 11ന് നടക്കുന്ന യോഗത്തിൽ ചർച്ചയാകും.
കൗൺസിലർമാർ അവരവരുടെ വീടുകളിലിരുന്നും പ്രധാന ഉദ്യോഗസ്ഥർ നഗരസഭാ ഓഫീസിലിരുന്നും ഓൺലൈനായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കും.യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചെയർമാൻ ആന്റോ ജോസ് ചെയർമാന്റെ ചേംബറിലുണ്ടാവും.
കൗൺസിലർമാരിൽ പലർക്കും ഇത്തരം ഓൺലൈൻ യോഗങ്ങളുടെ സാങ്കേതിക കാര്യങ്ങളിൽ പരിജ്ഞാനക്കുറവുള്ളതിനാൽ അടിയന്തിര കൗൺസിൽ യോഗം വിജയമാകുമോ എന്ന കാര്യത്തിൽ നഗരസഭാധികാരികൾക്ക് ആശങ്കയുണ്ട്. എന്നാൽ കൊവിഡിന്റെ കാര്യമായതിനാൽ തീരുമാനങ്ങൾക്ക് ഭരണ പ്രതിപക്ഷ ഭേദമെന്യേ മുഴുവൻ കൗൺസിലർമാരുടെയും പിന്തുണയുണ്ടാകുമെന്നാണ് നഗരസഭാ ചെയർമാന്റെ പ്രതീക്ഷ.