കാഞ്ഞിരപ്പള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നഗരത്തിലെ കോഴിക്കടകളിൽ കളക്ഷൻ പിരിവ് നടത്തിവന്ന തമിഴ്നാട് സ്വദേശിയായ മണികണ്ഠനെ (28) യാണ് ഇന്നലെ പകൽ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശികളായ ആനക്കല്ല് നെല്ലിമല പുതുപറമ്പിൽ ഫാസിൽ (35) പാറക്കടവ് ചെരിയപുറത്ത് അസിം സലാം (21), പത്തേക്കർ കരോട്ടു പറമ്പിൽ ഷിജാസ് (24) എന്നിവവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി ആനിത്തോട്ടം സ്വദേശി ലിയാഖത്ത് ഒളിവിലാണ്. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മണികണ്ഠനെ വാഹനം തടഞ്ഞുനിർത്തിയ ശേഷം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. ബാങ്കിൽ നിക്ഷേപിച്ച ശേഷം ബാഗിൽ ബാക്കിയുള്ള 5000 രൂപ കൈക്കലാക്കിയ ശേഷം കാറിൽ കയറ്റിയ സ്ഥലത്തു തന്നെ മണികണ്ഠനെ സംഘം ഇറക്കിവിട്ടു. കാറിന്റെ നമ്പർ മനസിലാക്കിയ മണികണ്ഠൻ ഇന്നലെ തന്നെ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ മൂവാറ്റുപുഴയിലെ റെൻ്റ് എ കാർ ബിസിനസ് ചെയ്യുന്നവരുടേതാണെന്ന് വ്യക്തമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.