കുമരകം: മേഖലയിലെ നെല്ല് സംഭരണത്തിന് വെല്ലുവിളിയായി പെണ്ണാർ തോട്ടിൽ തിങ്ങിനിറഞ്ഞ പോള. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നെല്ലുസംഭരണം തുടങ്ങിയ മേനോൻകരിയിലെ നെൽകർഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. റോഡ് സൗകര്യം ഇല്ലാത്തതിനാൽ വള്ളത്തിൽ എത്തിവേണം നെല്ല് സംഭരിക്കാൻ. മേനോൻകരി പാടത്തെ 480 ഏക്കറിൽ പകുതി ഭാഗത്തു പോലും മുച്ചക്ര വാഹനം എത്തില്ല. ചുമട്ട് കൂലിയിനത്തിൽ അധികകൂലി നൽകേണ്ട അവസ്ഥയിലാണ് ഇപ്പോൾ കർഷകർ. വേനൽമഴയിൽ നനഞ്ഞ നെല്ല് ഉണങ്ങി കൂട്ടി ഏറെ കഷ്ടപ്പെട്ടും പണം മുടക്കിയും സഹികെട്ട കർഷകർ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമന്റെ സഹായം തേടിയതോടെയാണ് നെല്ലു സംഭരണത്തിന് വഴിതുറന്നത്.പെട്ടിഓട്ടോയിൽ കയറ്റി ലോറിയുടെ സമീപം എത്തിച്ചാണ് റോഡ് സൗകര്യമുള്ള 200ഓളം ഏക്കറിലെ നെല്ല് ഇതുവരെ കയറ്റി അയച്ചത് .
ബോട്ട് സർവീസും പ്രതിസന്ധിയിൽ
പെണ്ണാർ തോട്ടിൽ പായലും ജർമ്മൻ പോളയും നിറഞ്ഞതോടെ ബോട്ട് സർവീസും പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. മുഹമ്മ-മണിയാപറമ്പ് ബോട്ട് സർവീസ് ഇപ്പോൾ കുമാരൻ ജെട്ടി വരെ വന്ന് മടങ്ങുകയാണ്. കൂടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് വള്ളത്തിൽ പാത്രങ്ങൾ നിരത്തി കുടിവെള്ളം ശേഖരിക്കാൻ കഴിയാത്ത ദുരിതത്തിലാണ് പ്രദേശവാസികൾ.