കട്ടപ്പന: കൊവിഡ് മഹാമാരിയിൽ ഏലയ്ക്കാ വിലയിടിവ് തുടരുന്നു. 32 മാസങ്ങൾക്ക് ശേഷം സ്‌പൈസസ് ബോർഡിന്റെ ഇ -ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. പുറ്റടി സ്‌പൈസസ് പാർക്കിൽ ഇന്നലെ രാവിലെ നടന്ന ഗ്രീൻഹൗസ് കാർഡമം മാർക്കിംഗ് ഏജൻസിയുടെ ലേലത്തിലാണ് ശരാശരി വില 989.11 രൂപ രേഖപ്പെടുത്തിയത്. 1684 രൂപയാണ് ഉയർന്ന വില. 174 ലോട്ടുകളിലായി പതിഞ്ഞ 30,025 കിലോഗ്രാം ഏലയ്ക്കയിൽ 29,242 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന കൊച്ചി എസ്.ഐ.ജി.സി.സിയുടെ ലേലത്തിൽ ശരാശരി വില 1000.87 രൂപയും ഉയർന്ന വില 1659 രൂപയുമാണ്. 181 ലോട്ടുകളിലായി വിൽപനയ്‌ക്കെത്തിയ 52,892 കിലോയിൽ 52,326 കിലോയും വിറ്റുപോയി. 2018 ആഗസ്റ്റ് 9നാണ് ഒടുവിൽ ശരാശരി വില ആയിരത്തിൽ താഴെ എത്തിയത്. കിലോഗ്രാമിന് 982 രൂപയായിരുന്നു അന്നത്തെ വില.
കൊവിഡ് രണ്ടാം തരംഗത്തിൽ ആഭ്യന്തര വിപണി സ്തംഭിച്ചതോടെ ഏലയ്ക്ക വില കുത്തനെ ഇടിയുകയായിരുന്നു. കമ്പോളങ്ങളിൽ രണ്ടാഴ്ച മുമ്പേ വില മൂന്നക്കത്തിലേക്ക് താഴ്ന്നിരുന്നു. കിലോഗ്രാമിന് 800 മുതൽ 950 രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. വിലയിടിവ് തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർഷകർ സംഭരിച്ചിരുന്ന മുഴുവൻ ഉത്പ്പന്നവും വിറ്റഴിക്കുകയാണ്.
സ്‌പൈസസ് ബോർഡിന്റെ രണ്ട് ഇ -ലേലങ്ങളിലായി പ്രതിദിനം വിൽപ്പനയ്‌ക്കെത്തുന്ന ഏലയ്ക്ക 1 ലക്ഷം കിലോഗ്രാമിന് മുകളിലാണ്. ജൂൺ ജൂലായ് മാസങ്ങളിൽ അടുത്ത ഏലയ്ക്ക സീസൺ ആരംഭിക്കും. ലോക്ക് ഡൗണിൽ ഉൾപ്പെടെ രണ്ട് സീസണുകളിലായി വിളവെടുത്ത ഏലയ്ക്ക വൻതോതിൽ കർഷകരും വ്യാപാരികളും സംഭരിച്ചിരുന്നു. ഇത്തവണ ഇടവിട്ടുള്ള മഴ ലഭിതോടെ ഉത്പ്പാദനം വർദ്ധിച്ചു. എന്നാൽ ഓഫ് സീസൺ മാജിക് പ്രതീക്ഷിച്ചിരുന്ന കർഷകർ ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.


വൈസ് ചെയർമാന്റെ കത്ത് 'കത്തുന്നു'

കൊവിഡ് വ്യാപനത്തെ തുടർന്ന് അന്തർ സംസ്ഥാന യാത്രകൾക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുടെ പേരിൽ സ്‌പൈസസ് ബോർഡ് ലേലം തമിഴ്‌നാട്ടിലേക്ക് പൂർണമായി മാറ്റണമെന്നുള്ള വൈസ് ചെയർമാന്റെ കത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി, കർഷക മോർച്ച, കർഷക കോൺഗ്രസ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികൾക്ക് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ പുറ്റടി സ്‌പൈസസ് പാർക്കിലെ ലേലം ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വൈസ് ചെയർമാൻ െ്രസ്രനി പോത്തൻ, സ്‌പൈസസ് ബോർഡ് സെക്രട്ടറിക്ക് കയ്യ് നൽകിയിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്ന വ്യാപാരികളിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ തമിഴ് വ്യാപാരികൾ കേരളത്തിലേക്ക് വരാൻ തയാറാകുന്നില്ലെന്നും കത്തിൽ പറയുന്നു.
എന്നാൽ വൈസ് ചെയർമാന്റെ കത്തിന് പിന്നിൽ ചില ലേല കേന്ദ്രങ്ങളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പിയും കർഷക മോർച്ചയും ആരോപിച്ചു. ഇതിനെതിരെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും സ്‌പൈസസ് ബോർഡ് സെക്രട്ടറിക്കും പരാതി നൽകും നേതാക്കൾ പറഞ്ഞു. വൻകിടക്കാരെ സഹായിക്കാനാണ് ലേല കേന്ദ്രം മാറ്റാൻ നീക്കം നടക്കുന്നതെന്ന് കർഷക കോൺഗ്രസും ആരോപിച്ചു.