അടിമാലി : കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാര മേഖലയെ തകർക്കുന്ന നിലപാട് തിരുത്തണമെന്ന് അടിമാലി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം.ബേബി ആവശ്യപ്പെട്ടു.അടിമാലി ഗ്രാമപഞ്ചായത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജില്ലാ കളക്ടർ അടിമാലി ടൗണിൽ 144 പ്രഖ്യാപിച്ചത്.എന്നാൽ പ്രഖ്യാപനം സോഷ്യൽ മീഡിയ വഴി വന്നത് രാത്രി 10 മണിക്ക് ശേഷമാണ്. ഈ വിവരം അറിയാതെ രാവിലെ തുറന്ന ഹോട്ടലുകൾക്ക് നേരെ അടിമാലി സി.ഐ യുടെ നേതൃത്വത്തിൽ കേസ് എടുത്തതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.രാവിലെ 10 ന് ശേഷമാണ് 144 പ്രഖ്യാപിച്ചതിന്റെ അറിയിപ്പ് ഉച്ചഭാഷിണി വഴി പൊതുജനത്തെ അറിയിക്കുന്നതും .അതിന് മുൻപായിത്തന്നെ പൊലീസ് നടപടി സ്വീകരിച്ചു. മുന്നറിയിപ്പ് ഇല്ലാതെ കടകൾ അടപ്പിച്ചതും പ്രതിഷേധത്തിന് കാരണമായി.കാർഷിക ഉത്പ്പന്നങ്ങൾ വിൽക്കാൻ പറ്റാത്ത അവസ്ഥയും വാങ്ങിയ മലഞ്ചരുക്കുകൾ വ്യാപാരികൾക്ക് വിൽക്കാൻ പറ്റാത്ത അവസ്ഥയുമാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കടകൾ തുറന്ന് പ്രവർത്തികക്കാൻ അനുവാദം നൽകണമെന്ന് പി.എം.ബേബി ആവശ്യപ്പെട്ടു.