കോട്ടയം: വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് രക്തത്തിലെ ഓക്‌സിജൻ നില പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിനും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഓക്‌സിജൻ പാർലറുകൾ തുറക്കുന്നു. ആദ്യ പാർലർ മണർകാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എൽ.ടി.സിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ പങ്കെടുത്തു. കൊവിഡ് ബാധിതരിൽ ഭൂരിഭാഗം പേരും വീടുകളിൽ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് പ്രാദേശിക തലത്തിൽ പാർലറുകൾ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വീട്ടിൽ കഴിയുന്ന കൊവിഡ് ബാധിതർ പ്രോട്ടോക്കോൾ പാലിച്ച് പാർലറിൽ എത്തിയാൽ പരിശാധന നടത്താനും ആവശ്യമെങ്കിൽ ഓക്‌സിജൻ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്‌സിജൻ ലഭ്യമാക്കാൻ കഴിയുന്ന കോൺസെൻട്രേറ്റർ മെഷീൻ ആണ് ഇതിനായി ഉയോഗിക്കുന്നത്. ഒരു മിനിറ്റിൽ അഞ്ചു ലിറ്റർ ഓക്‌സിജൻ ലഭ്യമാക്കാൻ കഴിയും. അന്തരീക്ഷത്തിലെ ഓക്‌സിജൻ ആണ് യന്ത്രത്തിൽ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതിന് 50000 രൂപയോളം വരെ ചെലവുവരും. സംസ്ഥാനത്ത് ആദ്യമായാണ് വീടുകളിൽ കഴിയുന്ന രോഗികൾക്കായി ഇത്തരമൊരു സംവിധാനം സജ്ജീകരിക്കുന്നത്. സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ ഭാഗ്യശ്രീ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.