മുണ്ടക്കയം: കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികളെയും, നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സഹായിച്ച് മാതൃകയാകുകയാണ് മുണ്ടക്കയത്തെ സി.ഐ.ടി.യു ഓട്ടോതൊഴിലാളി യൂണിയൻ. ഞങ്ങൾ കൂടെയുണ്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് യൂണിയന്റെ പ്രവർത്തനം. മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എങ്ങനെ പരീക്ഷ എഴുതുമെന്ന ആശങ്കയ്ക്കിടെയാണ് സി.ഐ.റ്റി .യു പ്രവർത്തകർ സഹായവുമായി രംഗത്തെത്തിയത്. പി.പി.ഇ കിറ്റ് ധരിച്ച് വിദ്യാർത്ഥിയെ തങ്ങളുടെ ഓട്ടോറിക്ഷയിൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയും, പരീക്ഷ എഴുതിയ ശേഷം തിരിച്ച് വീട്ടിൽ സൗജന്യമായി എത്തിക്കുകയും ചെയ്തു. കൂടാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും സഹായമെത്തിക്കുന്നുണ്ട്. സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് നിയാസ് നിയാസ് കല്ലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഹാരിസ്,പ്രവർത്തകരായ രതീഷ്, രാജേഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. കൂടാതെ വാക്‌സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷന് വേണ്ട സഹായങ്ങളും തൊഴിലാളികൾ നൽകുന്നുണ്ട്.