കോട്ടയം: വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പാസ് അനുവദിച്ച മാധ്യമ പ്രവർത്തകർക്കും കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന ഇന്ന് നടക്കും. പത്തു കേന്ദ്രങ്ങളിൽ രാവിലെ ഒൻപതു മുതലാണ് പരിശോധന. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രണ്ടും മറ്റു മണ്ഡലങ്ങളിൽ ഒന്നുവീതവും കേന്ദ്രങ്ങളാണുള്ളത്. കോട്ടയം സുമംഗലി ഓഡിറ്റോറിയം കോടിമത, ഏറ്റുമാനൂർ സ്വയംവരം ഓഡിറ്റോറിയം കുടമാളൂർ, കാഞ്ഞിരപ്പള്ളി പൊൻകുന്നം വ്യാപാര ഭവൻ, ചങ്ങനാശേരി റവന്യൂ ടവർ, പാലാ ജനറൽ ആശുപത്രി പാലാ, വൈക്കം ഗവൺമെന്റ് എൽ.പി സ്‌കൂൾ വൈക്കം, പൂഞ്ഞാർ സെന്റ് തോമസ് പാരിഷ് ഹാൾ പാറത്തോട്, ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം, പുതുപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയം പാമ്പാടി, കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന നടക്കും. ഏജന്റുമാരും ഉദ്യോഗസ്ഥരും കൗണ്ടിംഗ് നിയമന ഉത്തരവുമായി എത്തണം. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് എടുത്തതിന്റെ സർട്ടിഫിക്കറ്റോ കൗണ്ടിംഗ് ആരംഭിക്കുന്നതിനു മുൻപുള്ള 72 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.