പാലത്തിലും റോഡിനു നടുവിലും റോഡ് ഇരുത്തിപ്പോയി ഗട്ടറുകൾ രൂപപ്പെട്ടു
കോട്ടയം: ഓടിയെത്തുന്ന വാഹനയാത്രക്കാരുടെ നടുവൊടിച്ച് ഈരയിൽക്കടവ് റോഡ്. ഈരയിൽക്കടവ് റോഡിലെ, പാലവും കലുങ്കും ഇരുത്തിപ്പോയതാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. നേരത്തെ ഇത്തരത്തിൽ പാലത്തിന്റെയും കലുങ്കിന്റെയും ഭാഗം താഴ്ന്നിരുന്നെങ്കിലും ഇത് ടാർ ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും റോഡിന് തകരാർ സംഭവിച്ചിട്ടുണ്ട്.
അഞ്ചു വർഷം മുൻപാണ് ഈരയിൽക്കടവിൽ പാടശേഖരത്തിന് നടുവിലൂടെ മൂന്നു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിച്ചത്. മീനച്ചിലാറിനു കുറുകെയുള്ള പാലവും, മധ്യഭാഗത്തായി കലുങ്കും നിർമ്മിച്ചിട്ടുണ്ട്. ഈ പാലത്തിലും, കലുങ്കിലുമാണ് ഇപ്പോൾ കുഴിയ്ക്ക് സമാനമായി ഇരുത്തിയിരിക്കുന്നത്. പാലത്തിൽ നിന്നും റോഡിലേയ്‌ക്ക് ഇറങ്ങുന്ന ഭാഗത്താണ് അസാധാരണായ വിധം റോഡ് ഇരുത്തിയിരിക്കുന്നത്. ഗട്ടറിനു സമാനമായ കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ അവസ്ഥ അറിയാതെ അതിവേഗം എത്തുന്ന വാഹനങ്ങൾ പാലത്തിലേയ്‌ക്ക് കയറുമ്പോൾ അപകടസാധ്യത ഏറെയാണ്.
റോഡിനു നടുവിലെ കലുങ്കിലും ഇതു തന്നെയാണ് അവസ്ഥ. പാലത്തിന്റെ ഒരു വശം മാത്രമാണ് ഇരുത്തിയിരിക്കുന്നതെങ്കിൽ കലുങ്കിന്റെ ഇരുവശങ്ങളിലും ഗട്ടറിനു സമാനമായ സാഹചര്യമാണ്. മണിപ്പുഴ ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തുന്ന ബൈക്ക് യാത്രക്കാരും കാർ യാത്രക്കാരും ഈ കലുങ്കിന്റെ ഗട്ടറിൽ തട്ടുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ പാലത്തിലെയും കലുങ്കിലെയും ഗട്ടർ ഒഴിവാക്കുന്നതിനായി ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇപ്പോഴും ഇരുട്ടിൽ തന്നെ
ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ രാത്രികാലങ്ങളിൽ അപകടങ്ങളുണ്ടാകുന്നതിന് കാരണം വെളിച്ചക്കുറവാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നു, ഇവിടെ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിയ്ക്കുന്ന ജോലികൾ ആരംഭിച്ചിരുന്നു. എന്നാൽ, ലൈൻ വലിയ്ക്കുന്നത് പൂർത്തിയാക്കിയിട്ടും ഇതുവരെയും ലൈറ്റ് തെളിഞ്ഞിട്ടില്ല. ഇത് കൂടാതെ ഈരയിൽക്കടവിൽ നടപ്പാത നിർമ്മിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. നാട്ടകം ഭാഗത്തേയ്‌ക്കുള്ള പൈപ്പ് ലൈനിന്റെ നിർമ്മാണ ജോലികളും അവസാന ഘട്ടത്തിലാണ്.