 അവശ്യ സേവനങ്ങള്‍ക്ക് വാഹന സൗകര്യം
 സുരക്ഷ സമിതി രൂപീകരിച്ചു

കട്ടപ്പന: കൊവിഡ് രണ്ടാം തരംഗം തീവ്രമാകുകയും രോഗികൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കട്ടപ്പന​ നഗരസഭാപരിധിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ജനിതക മാറ്റം സംഭവിച്ച വൈറസ് വായുവിലൂടെയും പകരാമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് രാഷ്ട്രീയ, മത, സാമുദായിക, സാസ്‌കാരിക സംഘടനകളുടെ യോഗങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. സാമൂഹിക അകലം കർശനമായി പാലിക്കണം. കടകളിൽ ഒരേ സമയം പരമാവധി അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഈ മേഖലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. ജംഗ്ഷനുകളിൽ കൂട്ടം കൂടുന്നവർക്കെതിരെയും സമയ ക്ലിപ്തത പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകും. സി.എഫ്.എൽ.ടി.സി, ഡൊമിസിലിയറി കെയർ സെന്റർ, ക്വാറന്റീൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മരുന്ന്, അവശ്യ സാധനങ്ങൾ എന്നിവ എത്തിച്ചുനൽകാനും രോഗകൾക്ക് ആശുപത്രിയിലേക്ക് പോകാനും നഗരസഭ ആഫീസിൽ നിന്ന് ഇന്നു മുതൽ വാഹന സൗകര്യം ഉണ്ടാകും. സേവനം ആവശ്യമുള്ളവർ 04868272235, 9497370970 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് നഗരസഭാദ്ധ്യക്ഷ ബീന ജോബി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സുരക്ഷാ സമിതിയും രൂപീകരിച്ചു. മുൻ ചെയർമാൻമാരായ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി (രക്ഷാധികാരികൾ), നഗരസഭാദ്ധ്യക്ഷ ബീന ജോബി (ചീഫ് കോ- ഓർഡിനേറ്റർ), ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഏലിയാമ്മ കുര്യാക്കോസ്(കൺവീനർ), ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ(നോഡൽ ആഫീസർ), മനോജ് മുരളി, ജാൻസി ബേബി, സിബി പാറപ്പായി, മായാ ബിജു, അഡ്വ. കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, സുധർമ്മ മോഹനൻ, ബിന്ദുലത രാജു, ജോൺ പുരയിടം, ജൂലി റോയി, ഷാജി കൂത്തോടിയിൽ(അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.