കട്ടപ്പന: കേന്ദ്ര സർക്കാർ ഇടുക്കിയ്ക്ക് അനുവദിച്ച രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം ഹൈറേഞ്ചിൽ സ്ഥാപിക്കണമെന്ന് ബി.ജെ.പി ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല. തൊടുപുഴയിൽ സ്ഥാപിക്കാനാണ് എം.പിയുടെ ശ്രമം. നിലവിൽ പൈനാവിലുള്ള കേന്ദ്രീയ വിദ്യാലയം തൊടുപുഴയിലുള്ളവർക്ക് പ്രയോജനപ്പെടാനാകും. കൂടാതെ നവോദയ സ്‌കൂൾ പ്രവർത്തിക്കുന്നത് കുളമാവിലാണ്. പൊതു, സ്വകാര്യ മേഖലകളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൊടുപുഴയിലുണ്ട്. ഹൈറേഞ്ചിലെ വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലകളിലെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾ പല പദ്ധതികളും അനുവദിക്കുന്നത്. എന്നാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള തൊടുപുഴയിലേക്ക് പല പദ്ധതികളും കൊണ്ടുപോകുന്നത് പ്രാദേശിക താത്പര്യം മാത്രം പരിഗണിച്ചാണ്. ഹൈറേഞ്ചിലെ ആളുകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കേന്ദ്രീയ വിദ്യാലയം ഇവിടെ സ്ഥാപിക്കണം. പീരുമേട്, ദേവികുളം, ഉടുമ്പൻചോല ഇവയിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിന് പ്രാധാന്യം നൽകണമെന്നും എം.പി ഹൈറേഞ്ചിലെ ജനങ്ങളോട് നീതി പുലർത്തണമെന്നും രതീഷ് വരകുമല ആവശ്യപ്പെട്ടു.