vaikom-hospital

സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പോലുമില്ലാതെ വൈക്കം

വൈക്കം : അതിതീവ്ര കൊവിഡ് വ്യാപനത്തിൽ നാടാകെ പരിഭ്രാന്തി പടരുമ്പോൾ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പോലുമില്ലാതെ വൈക്കം.

കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാൻ എല്ലാ സൗകര്യവും വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നിരിക്കെയാണ് ഈ അനാസ്ഥ. 31 ഡോക്ടർമാരും ആവശ്യത്തിന് ജീവനക്കാരും ഇവിടെയുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങിയിട്ടില്ല. ഈ കെട്ടിടത്തിൽ കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാൻ സാഹചര്യമുണ്ട്. കൊവിഡിന്റെ ആദ്യ തരംഗത്തിൽ തന്നെ ജില്ലയിൽ അനുവദിച്ച സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലൊന്നാണ് വൈക്കം. ജില്ലയിൽ പാലാ, ഉഴവൂർ,ചങ്ങനാശേരി, മുണ്ടക്കയം, പാമ്പാടി എന്നിവിടങ്ങളിലാണ് നിലവിൽ കൊവിഡ് സെക്കന്റ് ലൈൻ ട്രിറ്റ്മെന്റ് സെന്ററുള്ളത്. ഇവയ്ക്കൊപ്പം തന്നെ നിർദ്ദേശിക്കപ്പെട്ടതാണ് വൈക്കത്തേതും. പാലാ-105, ഉഴവൂർ-146, ചങ്ങനാശേരി-60, മുണ്ടക്കയം-100, പാമ്പാടി-80 എന്നിങ്ങനെയാണ് സി.എസ്.എൽ.ടി.സികളിൽ രോഗികളെ കിടത്താൻ സൗകര്യമുള്ളത്. വൈക്കത്ത് 50 കിടക്കകൾ സജ്ജീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന്റെ പല മടങ്ങ് രോഗികളെ കിടത്താനുള്ള സജ്ജീകരണം ഏർപ്പെടുത്താനുള്ള സൗകര്യം വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുണ്ടെന്നിരിക്കെയാണ് ഈ അലംഭാവം.

ആദ്യഘട്ടത്തിലും വീഴ്ച

കൊവിഡിന്റെ ആദ്യഘട്ടത്തിൽ വൈക്കത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ തുടങ്ങിയതും ഏറെ വൈകിയാണ്. അന്ന് സി.കെ ആശ എം.എൽ.എയുടെ ശ്രമഫലമായി 200 കിടക്കകൾ സജ്ജീകരിക്കാൻ സൗകര്യമുള്ള സ്കൂൾ കെട്ടിടം വിട്ടുകിട്ടിയെങ്കിലും നഗരസഭ അത് ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് സി.എഫ്.എൽ.ടി.സി തുടങ്ങാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് പ്രവർത്തനമില്ലാതെ കിടന്ന ടൗൺഹാളിൽ സി.എഫ്.എൽ.ടി.സിയുടെ ബോർഡും വച്ച് ഡിസിസി തുടങ്ങി. അടുത്തിടെ അത് പ്രവർത്തനം അവസാനിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് സി.എഫ്.എൽ.ടി.സിയായി പ്രവർത്തനം പുനരാരംഭിച്ചു.

50 ലക്ഷം രൂപയുടെ പദ്ധതി

വൈക്കം : കൊവിസ് 19 രണ്ടാംഘട്ട വ്യാപനത്തെ പ്രതിരോധിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതികൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനങ്ങൾ, വാർഡു തല ശുചീകരണ പ്രവർത്തനങ്ങൾ, ശുചീകരണത്തിനുള്ള ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു. നഗരസഭയുടെ ശ്മശാനത്തിന്റെ അ​റ്റകു​റ്റപ്പണി നടത്തുന്നതിനായി 5 ലക്ഷം രൂപയും , വൈക്കം താലൂക്കാശുപത്രി, ഗവ. ആയൂർവേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് പ്രതിരോധ മരുന്നുകളും , ഉപകരണങ്ങളും വാങ്ങുന്നതിനായി 8 ലക്ഷം രൂപയും പദ്ധതിത്തുകയിൽ നിന്നും ചിലവഴിക്കും.