കട്ടപ്പന: വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ക്രിസ്‌ജോ ചങ്ങങ്കേരിയും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഭിന്നശേഷി വിദ്യാർത്ഥിയെ പരീക്ഷയെഴുതാൻ സഹായിക്കുന്നതിന് ലഭിച്ച സ്‌ക്രൈബ് പ്രതിഫലത്തുകയായ 900 രൂപയാണ് സംഭാവനയായി നൽകിയത്. ഒമ്പത് വിഷയങ്ങൾക്കാണ് ക്രിസ്‌ജോ സ്‌ക്രൈബായി പ്രവർത്തിച്ചത്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി തുക ഏറ്റുവാങ്ങി. വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ജോയെ അഭിനന്ദിച്ചു. പഞ്ചായത്ത് സെക്രട്ടറി ബി. ശിവകുമാർ, സ്‌കൂൾ ഹെഡ്മാസ്റ്റർ എം.വി. ജോർജ്കുട്ടി തുടങ്ങിയവർ വിദ്യാർത്ഥിയെ അനുമോദിച്ചു. ഇരട്ടയാർ ചെമ്പകപ്പാറ ചങ്ങങ്കേരിൽ ജോജോയുടെയും ബിജിയുടെയും മകനാണ്.