വൈക്കം: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനസമയം പുന:ക്രമീകരിക്കണമെന്ന് കേരള കോ-ഓപ്പറേ​റ്റീവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി എ.ഐ.ടി.യു.സി) കോട്ടയം ജില്ലാ കമ്മ​റ്റി ജോയിന്റ് രജിസ്ട്രാറിനോട് ആവശ്യപ്പെട്ടു. ദേശസാത്കൃത ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സഹകരണ ബാങ്ക് /സംഘം ജീവനക്കാർക്ക് ഇത്തരത്തിലുള്ള ഇളവുകൾ ഒന്നും തന്നെ ബാധകമല്ല എന്നതാണ് നിലവിലെ സ്ഥിതി. കോട്ടയത്ത് അതിതീവ്ര വ്യാപനവും വകഭേദം വന്ന വൈറസുകളുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ച സാഹചര്യത്തിൽ സഹകരണ ബാങ്ക് /സംഘങ്ങളുടെ പ്രവർത്തനസമയം നിജപ്പെടുത്തുന്ന കാര്യത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് പി.സി ബാബു, സെക്രട്ടറി ആർ.ബിജു എന്നിവർ ആവശ്യപ്പെട്ടു.