പൊൻകുന്നം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിൽ. കഴിഞ്ഞ ഒരുമാസമായി നിർമ്മാണം നടക്കുന്നത് മന്ദഗതിയിലായതിനാൽ യാത്രക്കാരും നാട്ടുകാരും വലയുകയാണ്.മഴ ശക്തമായതാണ് നിർമ്മാണം ഇഴയാൻ കാരണമെന്നാണ് കരാറുകാരന്റെ മറുപടി.
മഞ്ഞപ്പള്ളിക്കുന്നു മുതൽ പൊൻകുന്നം ടൗൺവരെയുള്ള ഭാഗം റോഡ് ചെളിക്കുഴിയായി മാറി.നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് വളവുകൾ നിവർത്തി വീതി കൂട്ടിയാണ് നവീകരണം. പൊളിച്ചഭാഗത്ത് മണ്ണിട്ട് നികത്തിയെങ്കിലും മഴയിൽ ഇവിടം ചെളിക്കുളമായിമാറി. ടൗണിനോട് ചേർന്നുകിടക്കുന്ന ഭാഗമായതിനാൽ ഇവിടെ എപ്പോഴും വാഹനത്തിരക്ക് കൂടുതലാണ്.ദേശീയപാത 183 ഉം സംസ്ഥാനപാതയും സംഗമിക്കുന്ന സ്ഥാനത്ത് നിർമ്മാണം വേഗത്തിലാക്കി യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചിത്രം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത ദേശീയപാതയോട് ചേരുന്ന പൊൻകുന്നം സെൻട്രൽ ജംഗ്ഷൻ.