munipara
മുനിപാറയില്‍ കാട്ടാനകള്‍ വരുത്തിയ നാശനഷ്ടം

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മുനിപാറ മേഖലയിൽ കാട്ടാനയുടെ ശല്യത്താൽ പൊറുതിമുട്ടി കുടുംബങ്ങൾ. ജനവാസമേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകൂട്ടം കർഷകരുടെ ഉറക്കം കെടുത്തുകയാണ്. കൃഷിയിടങ്ങളിൽ സ്ഥിരസാന്നിധ്യമായ കൊമ്പൻമാർ വലിയ നഷ്ടം കർഷകർക്ക് വരുത്തുന്നു. പട്ടാപകൽ പോലും ആനകളുടെ സാന്നിധ്യമുള്ളതിനാൽ കുടുംബങ്ങൾ ജീവനിൽ ഭയന്നാണ് കഴിഞ്ഞ് കൂടുന്നത്. വാഴയും കമുകുമടങ്ങുന്ന കൃഷിയിടം ദിവസവും ആനകൾ തിന്ന് നശിപ്പിക്കുന്നു. ആക്രമണം ചെറുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഇടപെടൽ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. കാട്ടാനശല്യം പ്രതിരോധിക്കാൻ നാളുകൾക്ക് മുമ്പ് ഈ പ്രദേശത്ത് ചിലയിടങ്ങളിൽ വനംവകുപ്പ് വൈദ്യുതി വേലികൾ തീർത്തിരുന്നു. പക്ഷേ, വേലികൾ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്. മുനിപാറ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം വിട്ടൊഴിയാതായതോടെ ഇതുവഴിയുള്ള രാത്രിയാത്രയും ദുഷ്കരമായി.