അടിമാലി: വാളറ സ്റ്റേഷൻ പരിധിയിൽ പെട്ടിമുടി വനമേഖലയിൽ ചരിഞ്ഞ കാട്ടാനയുടെ കൊമ്പ് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ കണ്ടെത്താനായില്ല. കമ്പിളിക്കണ്ടം പാറത്തോട് സ്വദേശി അരിക്കുന്നേൽ ബാബുവിന് വേണ്ടിയുള്ള അന്വേഷണമാണ് വനം വകുപ്പ് ഉർജിതമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാമലക്കണ്ടം സ്വദേശികളായ ബിജു (39), മോഹനൻ (59) എന്നിവരെ വനപാലകർ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ചരിഞ്ഞ ആനയുടെ കൊമ്പ് മൂവർ സംഘം ആദ്യം വനമേഖലയിലെ പാറ ഇടുക്കിൽ ഒളിപ്പിച്ചിരുന്നു. അവിടെ നിന്ന് കൊമ്പ് വിൽപ്പനയ്ക്ക് വേണ്ടി അറസ്റ്റിലായ ബിജുവിന്റെ വീടിന് സമീപത്തേക്ക് മാറ്റി. ഇതിനിടെ കൊമ്പിന് ആവശ്യക്കാർ എത്തി. എന്നാൽ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്ന് ബാബു കൊമ്പ് തട്ടിയെടുത്തെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പ്രതികളെക്കുറിച്ച് വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്.