അടിമാലി: ജില്ലയ്ക്ക് രണ്ടാമതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടിമാലിയിൽ സ്ഥാപിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി എല്ലാവിധ സൗകര്യങ്ങളോടും കൂടി തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയം തൊടുപുഴയിൽ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പിൻമാറണം. ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയം കുളമാവിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും നിരവധി സ്വകാര്യ മാനേജ്‌മെന്റുകളുടെയും നിയന്ത്രണത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവിധ സൗകര്യങ്ങളോടുകൂടി തൊടുപുഴയിൽ ഉള്ളപ്പോഴാണ് വീണ്ടും കേന്ദ്രീയ വിദ്യാലയം ഇവിടെ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. പ്രധാന വാണിജ്യ കേന്ദ്രമായ അടിമാലിയിൽ ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമി ല്ല. മറ്റ് സ്ഥലങ്ങളിൽ എല്ലാം കോളേജും ഹൈടെക് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ഭൂരിപക്ഷ മേലെയുമാണ്. അടിമാലിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കപ്പെട്ടാൽ സർക്കാർ സ്‌കൂളിൽ ആവശ്യത്തിന് കെട്ടിടം ഉണ്ടന്നിരിക്കെയാണ് ചില രാഷ്ട്രീയ ജനപ്രതിനിധികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വികസന പ്രവർത്തനങ്ങൾ തൊടുപുഴയിൽ ക്രമീകരിക്കാൻ തയ്യാറാകുന്നതെന്നും രാജൻ പറഞ്ഞു. ഇക്കാര്യമുന്നയിച്ച് എം.പി, ജില്ലാ കളകടർ എന്നിവർക്ക് ഇ- മെയിൽ അയച്ചതായി രാജൻ പറഞ്ഞു.