പാലാ : ശാസ്ത്രജ്ഞനായ അനുജന് പിന്നാലെ കമ്പ്യൂട്ടർ എൻജീനീയറായ ജ്യേഷ്ഠനും കൊവിഡ് ബാധിച്ച് മരിച്ചത് അന്തീനാടിന് നൊമ്പരമായി.
റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റായ റിനോജ് .ജെ. തയ്യിൽ(53), സഹോദരൻ ഡൽഹി ടി.സി.എസിയിലെ എൻജിനീയറായ റിജോ. ജെ. തയ്യിൽ (56) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. കണ്ണൂർ ചെറുപുഴ തയ്യിൽ ജോൺ ജോസഫിന്റെയും കുട്ടിയമ്മയുടെയും മക്കളാണ് ഇവർ. അരനൂറ്റാണ്ടു മുമ്പ് കണ്ണൂരിലേക്ക് കുടിയേറിയ കുടുംബത്തിന്റെ തറവാട് പാലായ്ക്കടുത്തുള്ള അന്തീനാട് തയ്യിൽ കുടുംബമാണ്. റിനോജിന്റെയും റിജോയുടെയും ബാല്യകാലത്ത് തന്നെ ജന്മനാട്ടിൽ നിന്ന് പോയെങ്കിലും ഇരുവർക്കും പാലായും അന്തീനാടും അന്ത്യാളവുമൊക്കെ പ്രിയപ്പെട്ടതായിരുന്നു. എല്ലാ വർഷവും പാലായിലെ ബന്ധുക്കളോടൊപ്പം ഇവർ ഒത്തുചേരുമായിരുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികളേക്കുറിച്ചും കേരളത്തിലെ പ്രളയത്തെക്കുറിച്ചും റിനോജ് നടത്തിയ പഠനങ്ങൾ ശ്രദ്ധ നേടിയിരുന്നു. ചാമോലി പ്രകൃതി ദുരന്തത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചിരുന്നതും റിനോജായിരുന്നു. ഇന്ത്യയുടെ അന്റാർട്ടിക് പര്യവേഷണ സംഘത്തിലും ഇദ്ദേഹമുണ്ടായിരുന്നു. ഈ മാസം 22നാണ് റിനോജ് മരിച്ചത്.
ഋഷികേശ് എയിംസ് ആശുപത്രിയിൽ കൊവിഡിനെത്തുടർന്ന് ചികിത്സയിലിരുന്ന റിനോജിനെ കാണാനെത്തിയപ്പോഴാണ് റിജോയ്ക്ക് രോഗം പിടിപെട്ടത്. തുടർന്ന് ദില്ലിയിൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. പിതാവ് ജോണിന്റെ സഹോദരങ്ങളായ ലില്ലിക്കുട്ടി (ഏഴാച്ചേരി തോലമ്മാക്കൽ), സിസ്റ്റർ ഫ്രാൻസീന (അന്തീനാട് കോൺവന്റ്, ജോണി (അന്ത്യാ ളം)എന്നിവരാണ് ഇപ്പോൾ നാട്ടിലുള്ളത്. റിനോജിന്റെ ഭാര്യ ജിൻസ് റൂർക്കി മോണ്ട് ഫോർട്ട് സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ : എൻജിനീയറായ ഷോൺ, സ്‌കൂൾ വിദ്യാർഥിയായ റയാൻ. റിജോയുടെ ഭാര്യ ലിനി (ടി.സി.എസ്). ഫാഷൻ ഡിസൈനർ ലോറ, റൂബൻ എന്നിവരാണ് മക്കൾ. ഇരുവരുടെയും നിര്യാണത്തിൽ ജോസ്.കെ.മാണി, മാണി. സി. കാപ്പൻ തുടങ്ങിയവർ അനുശോചിച്ചു.