കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ എം.അഞ്ജന പറഞ്ഞു. 77 തദ്ദേശസ്ഥാപനങ്ങളിൽ 60 ലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. ഇതിൽ 2 തദ്ദേശഭരണ പ്രദേശങ്ങളിൽ ടിപിആർ 50 ന് മുകളിലാണ്. ഈ പ്രദേശങ്ങളിലെ റേറ്റ് വീണ്ടും ഉയരാതെയും, മറ്റ് പ്രദേശങ്ങളിലെ റേറ്റ് താഴേക്ക് കൊണ്ടു വരാനാണ് അധികൃതർ ശ്രമിക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാതെയും, വീടുകളിൽ കൃത്യമായി ക്വാറന്റൈൻ പാലിച്ചും ജനങ്ങൾ ജാഗ്രതാ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ 2 കൊവിഡ് ആശുപത്രികളിലേയും, സി.എഫ്.എൽ.ടി.സികളുടെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഓക്‌സിജന്റെ ലഭ്യത വർദ്ധിപ്പിക്കാൻ ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സിലണ്ടറുകൾ കൂടി ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തും. വാക്‌സിൻ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച ശേഷം മാത്രമാവും ജില്ലയിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.