പാലാ : മൊബൈൽ ഫോണിൽ കൊവിഡ് വാക്‌സീന് രജിസ്‌ട്രേഷൻ നടത്താൻ അറിവില്ലാത്തവരോ, ബുദ്ധിമുട്ടുന്നവരോ ആണോ നിങ്ങൾ? ഇതാ ഈ നമ്പരിൽ വിളിച്ചോളൂ 8547 260980, അലക്‌സാണ്ടർ പാഞ്ഞെത്തും, നിങ്ങളുടെ രജിസ്‌ട്രേഷൻ നടത്തിത്തരും.!

കൊവിഡ്കാലത്ത് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷനുകൾ പ്രായമായവർക്ക് വീട്ടിലെത്തി ചെയ്തു നൽകിയാണ് എൻജിനീയറിംഗ് വിദ്യാർത്ഥിയായ 21കാരൻ അലക്‌സാണ്ടർ സാമൂഹ്യ സേവനത്തിന് പുതിയ മുഖവും മാതൃകയുമാകുന്നത്.

ഏഴാച്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തെങ്ങുംപള്ളിക്കുന്നേൽ അലക്‌സിയുടെ മകനും ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അലക്‌സാണ്ടർ അലക്‌സ് മഹാമാരിക്കെതിരെ തന്റേതായ രീതിയിൽ പ്രതിരോധം തീർക്കുകയാണ്. കൊവിഡ് വാക്സിൻ രജിസ്‌ട്രേഷനായി നാട്ടുകാർ വലയുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അലക്‌സാണ്ടർ ഈ വഴി പിന്തുടർന്നത്. പാവപ്പെട്ടവരും വാർദ്ധക്യത്തിലുള്ളവരുമായ നിരവധി പേർക്ക് ഇതിനോടകം അലക്‌സാണ്ടർ വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്തു നൽകി. സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും അലക്‌സാണ്ടർ മുൻനിരയിലുണ്ട്. ആറ് തവണ രക്തദാനവും നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിതയാണ് അലക്‌സാണ്ടറിന്റെ മാതാവ്. ഏക സഹോദരി അലക്‌സാന്ദ്ര പ്ലസ് വൺ വിദ്യാർത്ഥിനിയാണ്