കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞദിവസം കളക്ടർ എം. അഞ്‌ജന, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ നടത്തിയ സന്ദർശനത്തെ തുടർന്നാണ് ഏറ്റുമാനൂർ നഗരസഭ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നിരുന്നു.
തീരുമാനങ്ങൾ
മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ന് ഹാജരാക്കേണ്ടതാണ്.
മാർക്കറ്റിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾ ലോഡ് ഇറക്കിയശേഷം മാർക്കറ്റിൽ തങ്ങാതെ പുറത്തേക്ക് പോകണം
സെൻട്രൽ ജംഗ്ഷനിൽ നിന്ന് മത്സ്യമാർക്കറ്റിലേക്ക് വാഹനങ്ങൾ കയറുന്ന ഭാഗത്തെ ചെക്ക് പോസ്റ്റ് സിസ്റ്റം കൃത്യമായി പാലിക്കണം
ഓരോ ഏജന്റുമാർക്കായി വരുന്ന മത്സ്യ വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും മാർക്കറ്റിലേക്ക് ഇറക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന ഏജന്റുമാർക്കെതിരെ നിയമനടപടി സ്വീകരിക്കും
ചെക് പോസ്റ്റിൽ രജിസ്ട്രേഷൻ ചെയ്യാത്ത വാഹനങ്ങളെ മാർക്കറ്റിലേക്ക് കടത്തി വിടില്ല.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നൽകുന്ന നിർർദേശങ്ങൾ പാലിക്കാത്ത ലൈസൻസികൾക്കെതിരെ ഐ.പി.സി. നിയമപ്രകാരം നടപടികൾ സ്വീകരിക്കും
ഒരേസമയം മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം 25 ആയിരിക്കും.
മത്സ്യമാർക്കറ്റിന് സമീപമുള്ള ഓടകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും
മത്സ്യമാർക്കറ്റിൽ വരുന്ന വാഹനങ്ങൾ സ്വകാര്യബസ് സ്റ്റാന്റിൽ കയറാൻ പാടില്ല
മത്സ്യമാർക്കറ്റിലെ എല്ലാ ഏജന്റുമാരുടെയും കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരും ഫോൺ നമ്പർ അടങ്ങുന്ന പേരും വിലാസവും ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ നഗരസഭ എന്നിവിടങ്ങളിൽ എത്തിക്കുന്നതിന് വ്യാപാരികൾ തയ്യാറാകണം.