counting

കോട്ടയം: മുന്നണികളെയും സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ആകാംക്ഷയിൽ നിറുത്തിയ ഒരു മാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെ രാവിലെ വോട്ടെണ്ണൽ. വിവിധ എക്സിറ്റ് പോൾ സർവ്വേകൾ തുടർഭരണം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി നേതാക്കളും പ്രവർത്തകരുമെങ്കിൽ , സർവേകൾ തള്ളി കോട്ടയം തങ്ങളുടെ കോട്ടയെന്ന് തെളിയിക്കുമെന്നാണ് യു.ഡി.എഫ് അണികളും നേതാക്കളും പറയുന്നത്.

നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും . തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. 80 വയസ് പിന്നിട്ട 22713 പേരുടേയും 3151 ഭിന്നശേഷിക്കാരുടേയും 3151 കൊവിഡ് ബാധിതരുടേയും ക്വാറന്റൈനിൽ ആയിരുന്ന 45 പേരുടേയും 1511 അവശ്യ സേവന ജീവനക്കാരുടേയും 4342 പോളിംഗ് ഉദ്യോഗസ്ഥരുടേതുമടക്കം 31762 ആബ്സെന്റിവോട്ടുകൾ ആദ്യമെണ്ണും. പുറമേ സാധാരണ തപാൽ, സർവീസ് വോട്ടുകളും എണ്ണും. . ഓരോ മേശയ്ക്കും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. ഓരോ മേശയ്ക്കും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ആബ്സെന്റി വോട്ടർമാരുടെ എണ്ണം കൂടിയതിനാൽ തപാൽ വോട്ടുകൾ ഓരൊന്നും എണ്ണി തിട്ടപ്പെടുത്തുന്ന ജോലികൾ നീളും. ഇത് വോട്ടെണ്ണൽ ഫലം ഉച്ചവരെ നീളാൻ ഇടയാക്കിയേക്കാമെന്നാണ് കരുതുന്നത്.

 കർശന മാർഗനിർദ്ദേശം

കൊവിഡ് വ്യാപന സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുള്ളൂ. പനി, ജലദോഷം, കഫക്കെട്ട് പ്രശ്നങ്ങളുള്ളവർക്കും പ്രവേശനമില്ല. പി.പി.ഇ കിറ്റ്, മാസ്ക്, കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കണം.

ഫലം അറിയുന്നതിന് ആളുകൾ കൂട്ടം കൂടുന്നതും ആഹ്ലാദ പ്രകടനവും നിരോധിച്ചു.

പൊതു ജനങ്ങൾക്ക് ഫലങ്ങൾ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷനിലൂടെയും result.eci.nic.in എന്ന ലിങ്കിലൂടെയും തത്സമയം അറിയാനാകും.