വൈക്കം : കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉദയനാപുരം പഞ്ചായത്തിൽ നിയന്ത്റണങ്ങൾ കടുപ്പിക്കുന്നു. 12-ാം വാർഡായ പരുത്തിമുടി, 13-ാം വാർഡായ ഉദയനാപുരം എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. ഡൊമിസിലിയറി സെന്റർ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ഉദയനാപുരം ഓളി ഗവ.യു.പി സ്കൂളിൽ ഒരുക്കിയ കൊവിഡ് സെന്ററിൽ 20 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഡി.വൈ.എഫ്.ഐ, എ.ഐ. വൈ.എഫ് പ്രവർത്തകർ കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കി. ഒരു മാസം കൊവിഡ് ചികിൽസാ കേന്ദ്രം സുഗമമായി പ്രവർത്തിക്കാൻ രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും. കോൺഗ്രസ് മണ്ഡലം കമ്മി​റ്റിയും, ദൃശ്യ പുരുഷ സ്വയം സഹായ സംഘവും വാഷിംഗ് മെഷിനുകളും, സി.പി.ഐ പ്രവർത്തകർ കട്ടിലുകൾ, സി.പി.എം പ്രവർത്തകർ ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ നൽകി. വിവിധ സ്ഥാപനങ്ങളുടേയും രാഷ്ട്രീയ സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്താലാണ് കൊവിഡ് ചികിത്സാ കേന്ദ്രമൊരുക്കിയതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ ,വൈസ് പ്രസിഡന്റ് ടി.പ്രസാദ്, ബ്ലോക്ക്പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.എസ്.ഗോപിനാഥൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ഡി.ജോർജ്, പഞ്ചായത്ത് അംഗങ്ങായ ജിനു, ബാബു, ടി.പി.രാജലക്ഷ്മി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിൻസ്, ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറി രതി .കെ .നായർ തുടങ്ങിയവർ നേതൃത്വം നൽകി.