വൈക്കം : തണ്ണീർമുക്കം ബണ്ടിന്റെ മുട്ടുകൾ ഉടൻ തുറക്കണമെന്ന് കുട്ടനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു. കാലവർഷം ആസന്നമായിരിക്കെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും നെൽകൃഷി സംരക്ഷണത്തിനായി നിർമ്മിച്ച ഓരുമുട്ടുകളും തുറക്കുന്നത് വൈകിയാൽ കനത്ത മഴയിൽ പുഴകളിലും കനാലുകളിലും ജലനിരപ്പും കുത്തൊഴുക്കും വർദ്ധിച്ച് വേമ്പനാട്ട് കായലിലെ ഏറ്റിറക്കത്തിനനുസരിച്ച് ഉപ്പുവെള്ളം കയറുന്നതിന് തടസമാകും. ഇത് കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽ പാരിസ്ഥിതിഘാതം മൂലമുള്ള ജലജന്യ രോഗ വ്യാപനത്തിന് കാരണമാകും. പാടത്ത് നെല്ല് കൂട്ടിയിട്ടിരിക്കുന്നതാണ് ഷട്ടറുകൾ തുറക്കാൻ വൈകുന്നതെന്ന വാദം യുക്തിരഹിതമാണ്. പൂട്ടിയിട്ട സ്കൂളുകൾ താല്ക്കാലിക ഗോഡൗണുകളാക്കി പുഞ്ചപ്പാടങ്ങളിലെ നെല്ല് സംഭരണം ഊർജ്ജിതപ്പെടുത്തണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു.