കോട്ടയം : കാലിക്കുപ്പികളിൽ നിന്ന് കഥകളിയുടെ മുഖം ഒരുക്കി ചാഴിയക്കാട് മഠത്തിൽ പറമ്പിൽ അഞ്ജന വ്യത്യസ്തയാകുന്നു. പരിസ്ഥിതി സൗഹാർദ ശില്പ നിർമ്മാണത്തിലൂടെ ഉപയോഗ ശൂന്യമായ കുപ്പികൾ, കടലാസ്, ചിരട്ട, കമ്പിളി നൂൽ,നിറങ്ങൾ, മുത്തുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം. ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ടുകൾ ചെയ്തിരുന്നു. ആദ്യമായാണ് രൂപങ്ങൾ കുപ്പികളിൽ ചെയ്യുന്നത്. ഒഴിവ് വേളയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കഥകളി മുഖങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. നിർമ്മിച്ച കഥകളി മുഖങ്ങൾക്ക് ആവശ്യക്കാരും ഏറെയായിരുന്നു. പാമ്പാടി ആർ ഐ റ്റി കോളേജിൽ ഫാഷൻ ഡിസൈനിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ അഞ്ജന കരകൗശല നിർമ്മാണം ശാസ്ത്രീയമായിട്ട് അഭ്യസിച്ചിട്ടില്ല. കൃഷ്ണന്റെ മുഖം നിർമ്മാണമാണ് അടുത്ത ലക്ഷ്യം. വ്യത്യസ്തമായ ബോട്ടിൽ ആർട്ട് മാത്രമല്ല,തയ്യൽ, ഗാർഡനിംഗ്, പേപ്പർ കവർ നിർമ്മാണം തുടങ്ങിയവയുമുണ്ട്. തയ്യൽ ചെയ്യുന്നത് ആളുകളുടെ താത്പര്യത്തിനനുസരിച്ച് ഡ്രസ് മെറ്റീരിയിൽ വ്യത്യസ്തങ്ങളായ വർക്കുകൾ ചെയ്തു കൊടുക്കുന്നു. ബ്യൂട്ടി പാർലറുകളിലേയ്ക്കും മറ്റും പേരുകൾ ചേർത്ത പേപ്പർ കവറുകളാണ് നിർമ്മിച്ചു കൊടുക്കുന്നത്. ചങ്ങനാശേരി ഫയർ സ്റ്റേഷനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറാണ് പിതാവ് മനോജ്, മാതാവ് സിന്ധു അങ്കണവാടി അദ്ധ്യാപികയാണ്.