
വൈക്കം : ഒരു മൂടിൽ നിന്ന് 15 കിലോയിലധികം കപ്പ. സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി രണ്ടരയേക്കർ സ്ഥലത്ത് നടത്തിയ കപ്പ കൃഷിയ്ക്ക് നൂറ് മേനി വിളവ്. വിദ്യാർത്ഥികൾ കൃഷിപാഠം വഴി നേടിയെടുത്ത അറിവാണ് ഈ വിളവിന്റെ പിന്നിൽ.
കപ്പ കൃഷി, മത്സ്യകൃഷി, പാടശേഖരങ്ങളിൽ നെൽ കൃഷി, പുരയിടങ്ങളിൽ വിവിധയിനം പച്ചക്കറി കൃഷി, സ്‌കൂൾ വളപ്പിൽ ചീരകൃഷി അങ്ങനെ ഒട്ടനവധി കൃഷിപദ്ധതികളാണ് സ്‌കൂൾ നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർ, പി.ടി.എ, എൻ.എസ്.എസ് യൂണിറ്റ്, എസ്.പി.സി, എന്നി വിഭാഗങ്ങൾ കൈകോർക്കുമ്പോൾ സ്‌കൂളിന്റെ ഓരോ പദ്ധതികൾക്കും വിജയത്തിളക്കം. തലയാഴം പഞ്ചായത്തിലെ രണ്ടര ഏക്കർ സ്ഥലത്താണ് ആയിരം മൂട് കപ്പ കൃഷി ചെയ്തത്. ജൈവവളം ഉപയോഗിച്ചുള്ള കൃഷിയായിരുന്നു. ആദ്യവിളവെടുപ്പിൽ 1700 കിലോ കപ്പ കിട്ടി. ഇനി മൂന്നിൽ ഒന്ന് ഭാഗം വിളവെടുക്കാനുണ്ട്. നൂറു ശതമാനം ലാഭകരമായിരുന്നു കപ്പകൃഷി.
വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ ഷാജി ടി കുരുവിള, എ. ജ്യോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ചു എസ്. നായർ, ടി.പി അജിത്, അദ്ധ്യാപക പ്രതിനിധികളായ റജി എസ്. നായർ, ജിജി, പ്രീതി വി. പ്രഭ, അമൃത പാർവ്വതി എന്നിവർ പങ്കെടുത്തു.
.