പാലാ : ജനറൽ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കി ഇന്നലെയും ഓക്‌സിജൻ ലഭ്യത ഇല്ലാതായത് അധികൃതരെ ബുദ്ധിമുട്ടിലാക്കി. വ്യാഴാഴ്ച രാത്രി 8 ന് എത്തേണ്ടിയിരുന്ന ഓക്‌സിജൻ സിലിണ്ടർ ലോഡ് വരാൻ വൈകിയതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി രണ്ടും മൂന്നും സിലിണ്ടറുകൾ വീതം സംഘടിപ്പിച്ചാണ് സിലിണ്ടർ ലോഡ് വരുന്ന സമയം വരെ പിടിച്ചു നിന്നത്. ആശുപത്രി അധികൃതരുടെ നിസഹായാവസ്ഥ അറിയിച്ചതനുസരിച്ച് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ സഹായത്തിനെത്തി. രോഗാവസ്ഥ കൂടുതലായി കണ്ട രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയാണ് മറ്റു രോഗികളെ പ്രവേശിപ്പിച്ചത്. ആശുപത്രി ആംബുലൻസുകൾ വിശ്രമമില്ലാതെ ഓക്‌സിജൻ സിലിണ്ടർ ശേഖരിക്കാൻ പോകുന്നതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനും കാലതാമസം നേരിടുന്നുണ്ട്.
നഗരസഭ ചെയർമാന് പ്രതിഷേധം
ഓക്‌സിജൻ യഥാസമയം ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം കാണിക്കുന്ന അലംഭാവത്തിൽ നഗരസഭ ചെയർമാൻ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചു. ഓക്‌സിജൻ പ്ലാന്റിനും കൂടുതൽ സംഭരണശേഷിയുള്ള ഓക്‌സിജൻ ടാങ്കിനുമായി നടപടി ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും ജില്ലാ ആരോഗ്യ വിഭാഗത്തിനും അപേക്ഷ സമർപ്പിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ആന്റിജൻ ടെസ്റ്റ് കിറ്റും ആർ.ടി.പി.സി.ആർ ടെസ്റ്റിനുമുള്ള ഉപകരണങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.
ജീവനക്കാരും കുറവ്
കൊവിഡ് വാർഡിൽ നാമമാത്ര ജീവനക്കാരാണുള്ളത്. ആശുപത്രി ജീവനക്കാർക്ക് കൊവിഡ് ബാധിക്കുകയും നിരവധി പേർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കൊവിഡ് ഇതര ചികിത്സാ വിഭാഗങ്ങളിലെ വാർഡുകൾ താത്കാലികമായി നിറുത്തിവച്ച് അവിടുള്ള നഴ്‌സിംഗ് ,പാരാമെഡിക്കൽ ജീവനക്കാരെ കൂടി ഇവിടേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണ്.
സി.എഫ്.എൽ.ടി.സി ആരംഭിച്ചു
നഗരസഭാ പ്രദേശത്ത് കൊവിഡ് ചികിത്സ ആവശ്യമായ രോഗികളുടെ വർദ്ധനവിനെ തുടർന്ന് അരുണാപുരം പാസ്റ്ററൽ സെന്ററിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ശുപാർശ ചെയ്യപ്പെടുന്നതും കിടത്തി ചികിത്സ ആവശ്യമുള്ളതുമായ രോഗികൾക്ക് മാത്രമായിരിക്കും പ്രവേശനം. ആവശ്യജീവനക്കാരെയും നഗരസഭാ ആരോഗ്യവിഭാഗം ക്രമീകരിച്ചിട്ടുള്ളതായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.