കട്ടപ്പന: സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി. ജില്ലയിൽ 20,000ൽപ്പരം ചെറുകിട സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ഇവർക്ക് ഒരുദിവസം ടെസ്റ്റ് നടത്താനുള്ള സംവിധാനം ഇടുക്കിയിലില്ല. കൂടുതൽ ടെസ്റ്റുകൾ നടത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത, സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം, സർട്ടിഫിക്കറ്റിന്റെ കാലാവധി തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ച് മാത്രമേ സമയപരിധി നിശ്ചയിക്കാവൂ. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ, കൈ കഴുകുന്നതിനുള്ള സൗകര്യം, സന്ദർശക രജിസ്റ്റർ തുടങ്ങിയ മുൻകരുതലുകൾ പാലിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങളുടെ മറവിൽ വ്യാപാരികൾക്കെതിരെ പൊലീസ് അനാവശ്യമായി കേസെടുക്കുന്നുണ്ട്. രാത്രി 7.30ന് കട അടയ്ക്കണമെന്ന നിർദേശത്തിന്റെ പേരിൽ ഏതാനും മിനിറ്റുകൾക്ക് മുമ്പ് സ്ഥാപനത്തിലെത്തി കേസെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അടിമാലി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ രാത്രി 10ന് 144 പ്രഖ്യാപിക്കുകയും ഇതറിയാതെ രാവിലെ 7ന് കടകൾ തുറക്കാനെത്തിയവരുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. വ്യാപാരികളെ പീഡിപ്പിക്കുന്ന നിലപാടിൽ നിന്ന് സർക്കാരും പൊലീസും പിന്തിരിയണമെന്നും അനാവശ്യമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ. തോമസ് എന്നിവർ ആവശ്യപ്പെട്ടു.