ചെറുപ്പത്തിൽ അച്ഛനോടൊപ്പം കയർ ഫാക്ടറിത്തൊഴിലാളിയായി ജീവിതമാരംഭിച്ചതോടെയാണ് ഞാൻകമ്മ്യൂണിസ്റ്റായത്. മഹാകവി കുമാരനാശാനെ അടുത്തു നിന്നുകണ്ട്, പ്രസംഗംകേട്ട്, ആശാന്റെ ആരാധകനായി മാറിയ അച്ഛൻ.ജി പത്മനാഭൻ ഒരു പുതിയ നിർദ്ദേശം വച്ചു.
'ആശാന്റെ ശ്രീബുദ്ധചരിതം ഒറ്റയ്ക്കു നിന്ന് കഥാപ്രസംഗം നടത്തണം. മകനതിനു കഴിയും. മംഗളാനന്ദ സ്വാമി അങ്ങനെ ചെയ്തിരുന്നു. അതിനു മുമ്പ് പല്ലന കുമാരകോടിയിൽ ചെന്ന് ആശാന്റെ അന്ത്യവിശ്രമസ്ഥാനത്ത് പുഷ്പാർച്ചന നടത്തണം''.
അന്നേവരെ വയലാറിലടക്കമുളള രക്തസാക്ഷിമണ്ഡപങ്ങളിൽപുഷ്പാർച്ചന ചെയ്തുപോന്ന ഞാൻ ആത്മീയ ചിന്തകൾക്കും, പഠന ത്തിനും കൂടി സമയം കണ്ടെത്തി. തുടർന്നുളള പ്രഭാഷണങ്ങളിലെല്ലാം ഈ രണ്ടാശയങ്ങളേയും സമന്വയിപ്പിച്ചു സംസാരിച്ചു. ഇതോടെ ചിലർ സംശങ്ങൾ ഉന്നയിച്ചു. 'കമ്മ്യൂണിസവും, ആത്മീയചിന്തയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടും?''. 'രണ്ടും ഒരുമിച്ചുചേരുമ്പൊഴേ ഒരു മനുഷ്യജൻമം പൂർണ്ണമാവൂ'' എന്നു മറുപടി പറഞ്ഞു. ഉദാഹരണത്തിന് സംഘടനകൊണ്ട് ശക്തരാകുവാൻ ആഹ്വാനം ചെയ്ത ഗുരുദേവൻ തന്നെയാണ് വിഗ്രഹപ്രതിഷ്ഠയിലൂടെ ആത്മീയ ഉണർവും, മനഷ്യ വിമോചനവും ഒരുമിച്ചു സാധിച്ചത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു ഗർജ്ജിച്ച കുമാരനാശാൻ തന്നെ യാണ് , നാമിങ്ങറിയുവതല്പം എല്ലാം ഓമനേ ദൈവ സങ്കല്പം എന്നു പാടിയത്.
ഒരു മഴക്കാലസന്ധ്യയിൽ ഞാൻ തിരുവനന്തപുരത്തു പെട്ടുപോയി. കയ്യിലെക്കാശും തീർന്നിരുന്നു. മടക്കയാത്രയ്ക്കായി തമ്പാനൂർ ബസ്റ്റാന്റിലെത്തിയപ്പോൾ പതിവിലും കവിഞ്ഞ ജനത്തിരക്ക്. പിടിച്ചിട്ടിരിക്കുന്ന ബസ്സിൽ ചവിട്ടുപടിയോളം യാത്രക്കാർ. ആലപ്പുഴ വഴി ഒരു ട്രെയിനുണ്ടന്നറിഞ്ഞു. വേഗം ചെന്ന് ടിക്കറ്റെടുത്ത്, നീങ്ങിത്തുടങ്ങിയ വണ്ടിയിലോടിക്കയറി. കുറഞ്ഞ ടിക്കറ്റെടുത്ത ഞാൻ, കൂടിയ ടിക്കറ്റുകാർക്കുളള സ്ലീപ്പർകോച്ചിലാണ് കയറിപ്പറ്റിയത്. ഏതുനേരത്തും റ്റി.റ്റി. ആർ കടന്നുവരാം, പിടിക്കപ്പെടാം, ഫൈനടിക്കാം. കൊല്ലത്തെത്തിയിട്ടും കമ്പാർട്ടുമെന്റ് മാറിക്കയറിയില്ല. ആലപ്പുഴയി ലെത്തും വരെ ടിക്കറ്റ് എക്‌സാമിനർ വരരുതേ എന്ന് പ്രാർത്ഥിച്ചിരുന്നെങ്കിലും, ശാസ്താംകോട്ടകഴിഞ്ഞതും റ്റി.റ്റി.ആറും, കൂട്ടത്തിലൊരുപോലീസ്സുകാരനും ഇടനാഴിയിൽ പ്രത്യക്ഷപ്പെട്ടു. കുറഞ്ഞ ടിക്കറ്റെടുത്ത് കൂടിയ ക്ലാസ്സിൽക്കയറിയ വർക്കെല്ലാം 350 രൂപ വീതം ഫൈനടിച്ച് അയാൾ രസീത് നല്കുന്നുണ്ടായിരുന്നു. പലരും കാലുപിടിച്ച് കരഞ്ഞുപറഞ്ഞിട്ടും ആ കഠിനഹൃദയന്റെ മനസ്സലിഞ്ഞില്ല. . എന്റെ പക്കലാണെങ്കിൽ വെറും തൊണ്ണൂറു രൂപയേ ഉളളൂ. 'സ്വാഭാവികമായും ''ഭഗവാനേ'' എന്നു ഞാൻ വിളിച്ചുപോയി. ആനിമിഷം ഗീതോപദേശത്തിലെ ഒരുശ്ലോകം ഓർമ്മയിലെത്തി. ''യോഗക്ഷേമം മഹാമ്മ്യഹം'' എൽ.ഐ.സി.എംബ്ലത്തിനു താഴെ എഴുതിചേർത്തിട്ടുളള ആ വാചകത്തിലെ ''മഹാമ്മ്യഹം'' അതായത് ''ഞാൻ ഏറ്റുകൊളളാം'' (''സർക്കാർ ഒപ്പമുണ്ട് '') എന്ന ഭഗവാന്റെ ചങ്കുറപ്പോടുകൂടിയ ഓർമ്മപ്പെടുത്തലിന്റെ പിൻബല ത്തിൽ റ്റി.റ്റി.ആറിന്റെനേർക്ക് ടിക്കറ്റ് നീട്ടിക്കൊണ്ട് ''ഹാർട്ട്‌പേഷ്യന്റാണ് ഓടിയിട്ടെത്തിയില്ല'' എന്ന ഒരു വാചകവും തട്ടിവിട്ടു. സത്യത്തിൽ ആ വാചകം ഞാനല്ല, കൃത്യമായി ഗുരുവായൂരപ്പൻ എന്നെക്കൊണ്ട് അപ്പോൾ പറയിച്ചതാണ്. അത് ഡിഗോ മറഡോണയുടെ ''ദൈവത്തിന്റെകൈതട്ടിയഗോൾ''പോലെ അത്ഭുതം സൃഷ്ടിച്ചു. റ്റി.റ്റി.ആർ മെല്ലെ എന്റെതോളിൽത്തട്ടി അവിടെ ഇരുന്നുകൊളളാൻ അനുവദിച്ചു. എന്തൊരാശ്വാസം, ചുമ്മാതാണോ എന്നെക്കൊണ്ട് കളളം പറയിച്ച ഭഗവാനെ പണ്ടുമുതൽക്കെ ആളുകൾ കളളക്കൃഷ്ണാ എന്ന് വിളിച്ചുപോരുന്നത്?
ഗുരുവായൂരിൽ ചെല്ലുമ്പോഴെല്ലാം ഭഗവാനഭിമുഖമായുളള മേൽപ്പത്തൂർവേദിയിലിരുന്ന് പാടണം, പറയണം, അത് ഗാനഗന്ധർവ്വന്റെ ആലാപന ലഹരിപോലെ ജനങ്ങളെകോരിത്തരിപ്പിക്കണം എന്നും ഞാൻ ആഗ്രഹി ച്ചു. 1998 ൽ വീണ്ടും ഞാനവിടെ ചെല്ലുമ്പോൾ ആവേദിയിൽ വന്ദ്യവയോധികനായ ഒരാൾ പ്രഭാഷണം നടത്തുന്നത് ഞാൻ ശ്രദ്ധിച്ചു. അതിലും നന്നായി ചെയ്യുവാൻ എനിക്കു കഴിയുമെന്നതോന്നലും മനസ്സിലുണ്ടായി. പക്ഷേ ആരോടാണ് എന്റെ ആഗ്രഹമറിയിക്കുക? ആലപ്പുഴക്കാരൻ ജയരാജൻ അവിടുത്തെദേവസ്വം ജീവന ക്കാരനാണ്. അയാളെക്കണ്ട് കാര്യം ധരിപ്പിച്ചപ്പോൾ, അവസരം കിട്ടുക അത്ര എളുപ്പമല്ലെന്നറിഞ്ഞു.
''എങ്കിലും ഒരപേക്ഷ അയച്ചുനോക്കൂ'' എന്ന് ജയരാജൻ.
''ആർക്കാ അയയ്‌ക്കേണ്ടത്''?
''അഡ്മിനിസ്‌ട്രേറ്റർഗോപാലമേനോൻ ഐ.എ.എസ്സ്''.
ജയരാജൻ പെട്ടെന്ന് എന്നോട് അടക്കം പറഞ്ഞു.
''അതാ ആ വരുന്നയാളാണദ്ദേഹം''.
ഞാൻനേരേ ചെന്ന് തൊഴുത് സ്വയം പരിചയപ്പെടുത്തി കാര്യം പറഞ്ഞതും, എടുത്തടിച്ചതുപോലെ അദ്ദേഹം പറഞ്ഞു.
''തരില്ല്യ…..തരില്ല്യാന്നുപറഞ്ഞാൽ തരില്ല്യ. അത്രതന്നെ. . കാര്യമെന്താന്നറിയുവോ? ''നിങ്ങളെപ്പോലുളളവ''രുടെ കയ്യിൽമൈക്ക് കിട്ടിക്കഴിഞ്ഞാൽ പിന്നെ വായിൽതോന്നിയ തൊക്കെ വിളിച്ചു പറയും. ഇത് ഗുരുവായൂരാണ്,ലോകം മുഴുവ നറിയും . . . പിന്നെ ഞങ്ങളതിന്റെ പിന്നാലെ തൂങ്ങണം. . . . ക്ഷമിക്കണംകേട്ടോ''
ഞാനാ ശകാരവാക്കുകളെല്ലാംകേട്ട് നിരാശനായി, അതുവരെ ഭാര്യയുടെ മുമ്പേ നടന്ന ഞാൻ ഇളിഭ്യനായി പിന്നെ അവളുടെ പിന്നാലെ നടന്നു തുടങ്ങിയതും
''നില്ക്കൂ . . . ''
പിന്നിൽ നിന്നൊരുവിളി. അത്‌ഗോപാലമേനോൻതന്നെയായിരുന്നു.
''അഥവാ നിങ്ങൾക്കൊരവസരം കിട്ടിയാൽ എന്താ പറയുക?''
''രാമായണമാസമല്ലേ വരുന്നത് ? . . രാമായണത്തെപ്പറ്റിപ്പറയാം''.
''രാമായണത്തെപ്പറ്റി നിങ്ങളെന്തു പറയും?''
''രാമായണത്തെപ്പറ്റി എങ്ങനെവേണമെങ്കിലും പറയാമല്ലോ''?
''ഉവ്വോ? എങ്കിൽ ഒരപേക്ഷ വച്ചോളൂ''.
അദ്ദേഹം പിന്നവിടെ നിന്നില്ല. ഞാൻ തിരിച്ചു വീട്ടിലെത്തി ഗുരുവായൂർക്കെഴുതി. ഒരാഴ്ച കഴിഞ്ഞപ്പോൾ ശംഖ്ചക്രഗദാപത്മ ധാരിയായ ഭഗവാന്റെ നീലച്ചിത്രം പതിച്ച ക്ഷണക്കത്ത് വീട്ടിലെത്തി. എന്നാൽ കത്തിലെ ഉളളടക്കം തെല്ല് ഭീഷണി കലർന്നതായിരുന്നു.
''27 ാം തീയതി സംക്രമസന്ധ്യ. . . . ദീപാരാധന കഴിഞ്ഞാലുടനേ തുടങ്ങണം. ധാരാളമാളുകളുണ്ടാവും . . . . അരമണിക്കൂർ . . . . സൂക്ഷിക്കണം.''
കത്തുവന്നന്നുതന്നെ ഗുരുവായൂർ ഭക്തനും, വ്യവസായപ്രമുഖനുമായ വി.എം. പുരുഷോത്തമൻചേർത്തല എന്നെഫോണിൽ വിളിച്ചിരുന്നു. സംസാരമദ്ധ്യേ ഗുരുവായൂരമ്പലത്തിലൊരവസരം കിട്ടിയ കാര്യം പറഞ്ഞതും, അതിനുളള പണം താൻതന്നു കൊളളാമെന്നദ്ദേഹമേറ്റു.''മഹാമ്മ്യഹം''.
സംക്രമസന്ധ്യാ ദിവസം ദീപാരാധന കഴിഞ്ഞ് യവനിക ഉയർന്നതും, നാരായണീയശ്ലോകം ചൊല്ലിക്കൊണ്ട് ഞാൻ തുടങ്ങി. അരമണിക്കൂറേ അനു വദിച്ചിട്ടുളളൂ. പറയേണ്ടകാര്യങ്ങൾ അരമണി ക്കൂറിലൊതുക്കണം. . ഞാനെന്റെ പ്രഭാഷണത്തിന്റെവേഗതകൂട്ടി, അരമണിക്കൂർ തികഞ്ഞതും,ദേവസ്വത്തിന്റെ പ്രത്യേക അഭ്യർത്ഥന വന്നു. ''അരമണിക്കൂർ കൂടി നീട്ടിപ്പറയണം''. ഞാൻ ആത്മവിശ്വാസത്തോടെ ഒന്നിളകിയിരുന്നു തുടർന്നു. പിന്നെ തുടരെത്തുടരെ സമയപരിധിയില്ലാതെ ഓരോ വർഷവും അവസരങ്ങൾ.
പിന്നീട് രാമായണം എനിക്ക് ശരിക്കും വഴങ്ങുമെന്നായപ്പോൾ, ഒരുമാസം (കർക്കിടകം) കൊണ്ട് മലയാളികൾ വായിച്ചെത്തിക്കുന്ന ആ മഹാകാവ്യത്തെ ഒറ്റമണിക്കൂറിൽ ചുരുക്കി അവതരിപ്പിച്ച് ഞാൻ കാസറ്റിലാക്കി, എനിക്കുകിട്ടുന്ന പ്രഭാഷണവേദികൾതോറും വിലവാങ്ങി വിതരണം ചെയ്തുകൊണ്ടിരുന്നു. ആയിടെ എന്റെ നാട്ടുകാരനായ സന്തോഷ്പിളള എന്നോടൊരു കാസറ്റുവാങ്ങി ഒന്നും തരാതെ തിരിച്ചുപോയി. ഒരു മാസം കഴിഞ്ഞു കാണും അമേരിക്കയിലെ ടെക്‌സാസ്സിൽനിന്നൊരുഫോൺകാൾ. ''ഞാൻ എം.സന്തോഷ്പിളള. ഞങ്ങൾ സുഹൃത്തുക്കളൊന്നിച്ചിരുന്ന് ആ രാമായണം കാസറ്റ്‌കേട്ടു. താങ്കളെ അതിനു പ്രത്യേകം ഞങ്ങൾ അഭിനന്ദിക്കുന്നു. അതോടൊപ്പം ഞങ്ങൾ ആറുപേർചേർന്ന് 675ഡോളർ താങ്കളുടെപേർക്കയയ്ക്കുന്നു. ബാങ്കിൽ മാറിയാൽ 30,000 രൂപ ലഭിക്കും. അന്നു 40 രൂപയായിരുന്നു ഒരുഡോളറിന്റെ മൂല്യം.
എല്ലാം ഭഗവാന്റെ മായാ വിനോദമെന്നല്ലാതെ എന്താ പറയുക?