സൗന്ദര്യപരിചരണത്തിനൊപ്പം നമ്മൾ കാത്തുസൂക്ഷിക്കുന്ന കുറേ വസ്തുക്കളുണ്ട്. ചർമ്മ, സൗന്ദര്യസംരക്ഷണത്തിൽ അടിസ്ഥാനപരമായി ഉപയോഗിക്കുന്നവയാണവ. സോപ്പ്, പൗഡർ, ഹെയർഡൈ എന്നിങ്ങനെ സ്ഥിരമായി നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കുളിയും സോപ്പും
എണ്ണ തേച്ച് കുളി മലയാളിയുടെ ഒരു ശീലമാണ്. വരണ്ട ചർമ്മമുള്ളവർ എണ്ണ തേച്ചതിന് ശേഷം കുളിച്ചാൽ ചർമ്മം കൂടുതൽ വരളുകയേ ഉള്ളൂ. വെള്ളമാണ് ഏറ്റവും നല്ല മോയ്സ്ചറൈസർ. കുളിക്കുന്നതിന് മുമ്പ് എണ്ണ തേച്ചാൽ വെള്ളം ചർമ്മത്തിലേക്ക് പ്രവേശിക്കില്ല. വരണ്ട ചർമ്മമുള്ളവർ കുളികഴിഞ്ഞ് നനവോടെ നല്ലൊരു മോയ്സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്.
നന്നായി സോപ്പ് പതപ്പിച്ചു കുളിക്കുകയും കുളികഴിയുമ്പോൾ ചർമ്മം വലിഞ്ഞതായി തോന്നുമ്പോൾ നല്ല വൃത്തിയായെന്ന് ധരിക്കുന്നവരുമാണ് നമ്മിൽ പലരും. സാധാരണ ഇന്ത്യക്കാരുടെ ചർമ്മം തവിട്ടുനിറത്തിലുള്ളതാണ്. ആ ചർമ്മം എന്തുതരം ആഘാതത്തോടും പ്രതികരിക്കുന്നത് വഴി കൂടുതൽ കരുത്തായി തീരും. അങ്ങനെ ഒരുതരം ആഘാതമാണ് ചർമ്മത്തിനുണ്ടാകുന്ന വരൾച്ച. ക്ഷാരാംശം കൂടുതലുള്ള സോപ്പുകൾ ഉപയോഗിക്കുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകുകയും കൂടുതൽ കറുക്കുകയും ചെയ്യും. ദ്രാവകരൂപത്തിലുള്ള സോപ്പുകളാണ് സോപ്പുകട്ടകളേക്കാൾ ചർമ്മത്തിന് കൂടുതൽ അനുയോജ്യം. പക്ഷേ ദ്രാവകരൂപത്തിലുള്ള സോപ്പുകൾ തേച്ച് പിടിപ്പിക്കാൻ ലൂഫാ, സ്ക്രബ് മുതലായവ ഉപയോഗിച്ചാൽ തുടർച്ചയായ ഉരച്ചിൽ മൂലം ചർമ്മം കട്ടിയുള്ളതും കറുത്തതുമാകാം. ഇഞ്ചയ്ക്കും ഈ ദോഷമുണ്ട്.
പൗഡർ പലതരം
പലതരം പൗഡറുകൾ മാർക്കറ്റിൽ സുലഭമാണ്. ഇവയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് മഗ്നീഷ്യം സിലിക്കേറ്റ്, ടൈറ്റാനിയം ഡയോക്സൈഡ്, സിങ്ക് ഓക്സൈഡ് മുതലായ പദാർത്ഥങ്ങളാണ്. പൗഡറുകൾ എണ്ണയും വിയർപ്പുംവലിച്ചെടുക്കുന്നു. പക്ഷേ ചില പൗഡറുകളിൽ അടങ്ങിയിട്ടുള്ള സുഗന്ധവസ്തുക്കൾ അലർജികൾ ഉണ്ടാക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന പല വെള്ള നിറത്തിലുള്ള പൗഡറുകളും ദോഷകാരികളല്ല. പക്ഷേ, മഞ്ഞൾ, ചന്ദനം മുതലായവ ചേർത്തുള്ള പൗഡറുകൾ ചിലപ്പോൾ ഫോട്ടോ ടോക്സി സിറ്റി (ചർമ്മത്തെ കൊണ്ടുകൂടുതൽ അൾട്രാ വയലറ്റ് രശ്മികൾ വലിച്ചെടുപ്പിച്ച് ചർമ്മത്തെ കറുപ്പിക്കുന്ന അവസ്ഥ) ഉണ്ടാക്കാറുണ്ട്.
ധാരാളം വിയർക്കുന്ന സ്വഭാവം ഉള്ളവർ കുളികഴിഞ്ഞ് പൗഡർ ഉപയോഗിച്ചാൽ വിയർപ്പ് വലിച്ചെടുക്കുകയും പൂപ്പൽ ബാധ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഷൂവും സോക്സും സ്ഥിരമായി ഉപയോഗിക്കുന്നവർ സോക്സിടുന്നതിനു മുമ്പ് കാലുകളിൽ പൗഡറിട്ടാൽ അണുബാധ കാലുകളിലുണ്ടാകുന്നത് കുറയ്ക്കാം.
സൺസ്ക്രീൻ ഇങ്ങനെ ആകാം
ഓസോൺ പാളിയിലുണ്ടായിട്ടുള്ള വിള്ളൽ കാരണം ഭൗമോപരിതലത്തിൽ എത്തുന്ന അൾട്രാ വയലറ്റ് രശ്മികളുടെ അളവ് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. പുറത്തുപോകുമ്പോൾ മാത്രമല്ല, വീടിനകത്തിരിക്കുമ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാം. നാലുമണിക്കൂർ മാത്രമേ സൺസ്ക്രീനിന്റെ പ്രയോജനം നിൽക്കൂ എന്നതിനാൽ നാലുമണിക്കൂർ കഴിയുമ്പോൾ സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാം. സാധാരണയായി നമുക്ക് സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്. പി. എഫ് ) 20 നും 30നും ഇടയ്ക്കുള്ള സൺസ്ക്രീനിന്റെ ആവശ്യമേയുള്ളൂ കോസ്മെറ്റിക് സൺസ്ക്രീനുകളേക്കാൾ നല്ലത് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വാങ്ങുന്ന മെഡിക്കൽ സൺസ്ക്രീനുകളാണ്. എണ്ണമയമുള്ള ചർമ്മക്കാർ ജെൽ സൺസ്ക്രീനും വരണ്ട ചർമ്മമുള്ളവർ ലോഷനുകളുമാണ് ഉപയോഗിക്കേണ്ടത്. സാധാരണ ചർമ്മക്കാർക്ക് ഏതുതരം സൺസ്ക്രീനും ഉപയോഗിക്കാം.
മുഖക്കുരു പൊട്ടിക്കരുത്
മുഖക്കുരു ടീനേജിൽ വരുമെന്നാണ് സാധാരണ കരുതപ്പെടുന്നത്. ഏത് പ്രായത്തിലും മുഖക്കുരു വരാം. പുതിയ പഠനങ്ങൾ അനുസരിച്ച് മുഖക്കുരുവിനും ഭക്ഷണക്രമത്തിനും തമ്മിൽ വലിയ ബന്ധമില്ല. ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ മുഖക്കുരു കൂടുന്നുവെങ്കിൽ അത് ഉപേക്ഷിക്കണം. മുഖക്കുരു പൊട്ടിക്കുക, കൂടെക്കൂടെ മുഖം കഴുകുക, മുഖം ഇടയ്ക്കിടെ സ്ക്രബ് ഉപയോഗിച്ച് കഴുകുക ഇങ്ങനെ പലതും മുഖക്കുരു ഉള്ളവർ ചെയ്യാറുണ്ട്. ഇവയൊക്കെ മുഖക്കുരു മൂലമുള്ള പാടുകൾ മുഖത്ത് വീഴാനേ ഉപകരിക്കൂ. ക്ളീൻ അപ്പ് ചെയ്ത മുഖത്തെ കാരകൾ നീക്കം ചെയ്യേണ്ടതില്ല. ഇവ വരുന്നത് കുറയ്ക്കുന്ന ക്രീമുകളും മരുന്നുകളും ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാം. മുഖക്കുരു വരുന്നതിനോടൊപ്പം തടിവയ്ക്കുകയും മറ്റ് അസ്വസ്ഥതകളുണ്ടാവുകയും ചെയ്യുന്നുണ്ടെങ്കിൽ വിദഗ്ദ്ധ ഡോക്ടറെ കണ്ട് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം. തടികൂടാതിരിക്കാനും തടികുറയ്ക്കാനും ശ്രദ്ധിക്കണം.
കരിമംഗല്യം മാറ്റാം
കരിമംഗല്യത്തിന്റെ ചികിത്സയ്ക്കായി പലതരം ക്രീമുകളും മാർക്കറ്റിൽ ലഭ്യമാണ്. ചില പ്രത്യേകതരം കെമിക്കൽ പീലിംഗുകൾ വിദഗ്ദ്ധ ഡോക്ടറുടെ മേൽനോട്ടത്തിൽ ചെയ്യുന്നത് കരിമംഗല്യം മാറാൻ സഹായിക്കും. ഈ ചികിത്സയോടൊപ്പം സൺസ്ക്രീൻ ഉപയോഗിക്കുന്നതും ബീറ്റാകരോട്ടിൻ അടങ്ങിയ ഗുളികകളും ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നതും പ്രധാനമാണ്.
ഷാംപുവും എണ്ണയും
പലരും ഈ പുതിയ കാലഘട്ടത്തിലും സോപ്പ് ഉപയോഗിച്ചാണ് മുടി കഴുകുന്നത്. സോപ്പല്ല ഷാംപൂവാണ് മുടി കഴുകാൻ ഉപയോഗിക്കേണ്ടത്. ഷാംപൂവും എല്ലാം ദിവസവും ഉപയോഗിക്കേണ്ട ആവശ്യമില്ല. ഷാംപൂവിന്റെ അമിതോപയോഗം തലമുടി ചീത്തയാക്കാനേ ഉപകരിക്കൂ. ഷാംപൂവും കണ്ടീഷണറും ഒരുമിച്ചുള്ളവ ഒരിക്കലും ഉപയോഗിക്കരുത്.കാരണം ഇവ രണ്ടിന്റെയും പ്രവർത്തനം വിപരീത തരത്തിലുള്ളതാണ്. ആദ്യം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കിയതിനുശേഷം കണ്ടീഷണർ തേച്ച് അതും കഴുകിക്കളയണം. തീരെ മാർദ്ദവമില്ലാത്ത മുടിയുള്ളവർക്ക് ലീവ് ഓൺ/ ലീവ് ഇൻ കണ്ടീഷണറുകൾ ഉപയോഗിക്കാം. പക്ഷേ, ഒരുതരം രാസവസ്തുക്കളും സ്ഥിരമായി ഉപയോഗിക്കാതിരിക്കുകയാവും നന്ന്. എണ്ണയും തലമുടിയ്ക്ക് ഒരു കണ്ടീഷണിംഗ് ഇഫക്ടാണ് നൽകുന്നത്. നല്ലൊരു കണ്ടീഷണർ ഉപയോഗിക്കുകയാണെങ്കിൽ എണ്ണ ഉപയോഗിക്കണ്ട ആവശ്യമില്ല. താരൻ ഉള്ളവർ ധാരാളം എണ്ണ ഉപയോഗിച്ചാൽ അത് താരൻ വർദ്ധിപ്പിക്കാനേ ഇടയാകൂ. ആഴ്ചയിൽ രണ്ടുപ്രാവശ്യത്തിൽ കൂടുതൽ ഷാംപൂ ചെയ്യേണ്ട കാര്യമില്ല.
ഹെയർ ഡൈ ടെസ്റ്റ്
നര മറയ്ക്കാൻ ഹെയർ ഡൈയുടെ ഉപയോഗം വ്യാപകമായിരിക്കുന്നു. പല ഹെയർ ഡൈകളിലും ഉള്ള പല രാസപദാർത്ഥങ്ങളും പലതരം അലർജികളും ത്വക്ക് രോഗങ്ങളും ഉണ്ടാക്കാറുണ്ട്. ഹെയർ ഡൈ ഉപയോഗിക്കും മുമ്പ് അവ അലർജി ഉണ്ടാക്കുന്നതാണോ എന്ന് കഴുത്തിന്റെ ഒരുവശത്ത് ചെറിയൊരു സ്ഥലത്ത് ഉപയോഗിച്ച് നോക്കി ഉറപ്പാക്കണം. ഹെയർഡൈ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് നല്ലൊരു ബ്യൂട്ടി പാർലറിൽ പോയി തലമുടി കളർ ചെയ്യുന്നതാണ്.