പാണ്ഡവൻ ഭരണം ഒഴിയുമ്പോൾ അവർക്ക് കുരുവംശത്തിൽ പിറന്ന പുത്രന്മാരൊന്നും അവശേഷിച്ചിട്ടില്ലായിരുന്നു. ആയതിനാൽ ആകെ ഉണ്ടായിരുന്നഅർജുനന്റെ പൗത്രനായ പരീക്ഷിത്തിന് ഭരണം കൈമാറി പാണ്ഡവരും പാഞ്ചാലിയുമായി മഹാപ്രസ്ഥാനം യാത്രക്കായി കൊട്ടാരം വിട്ടു.
ജനോപകാരപ്രദമായ രീതിയിൽ ഭരണം കാഴ്ച വച്ചിരുന്ന പരീക്ഷിത്തിന് മൃഗവേട്ട ഒരു ഹരമായിരുന്നു. ഒരു ദിവസം വേട്ടക്കിടയിൽ അമ്പേറ്റ ഒരു മാൻ രാജാവിന്രെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. നിരാശനായ രാജാവ് സമീപത്ത് ധ്യാനനിരതനായി ഇരുന്ന മുനിയോട് മാൻ ഓടിപ്പോകുന്നതു കണ്ടോഎന്നു ചോദിച്ചു. ധ്യാനത്തിലിരുന്ന മുനി മാൻ പോയതും കണ്ടില്ല. രാജാവ് ചോദിച്ചത് കേട്ടതുമില്ല. നിരാശനായ രാജാവ്ഒരുനേരം പോക്കിനായി സമീപത്ത് ചത്തു ദ്രവിച്ചു കിടന്നിരുന്ന ഒരു പാമ്പിന്റെ അസ്ഥികൂടം മഹർഷിയുടെ കഴുത്തിൽകൂടി എടുത്തിട്ടിട്ട് കൊട്ടാരത്തിലേക്ക് മടങ്ങി.
ആശ്രമത്തിനു പുറത്തുപോയിരുന്ന മഹർഷികുമാരനായ ശ്ര്യാംഗി തിരികെ എത്തിയപ്പോൾ ചത്തുദ്രവിച്ച പാമ്പിനേയും ചുമന്നിരിക്കുന്ന പിതാവിനെകണ്ട് അതിയായ ദുഃഖവും കോപവും ഉണ്ടായി. പിതാവിനോട് ഇത് ചെയ്തവൻ എത്ര ഉന്നതനായാലും ഏഴു ദിവസങ്ങൾക്കകം തക്ഷകൻ കടിച്ചു മരിക്കട്ടെ എന്നു ശപിച്ചു. സാധാരണ ആരേയും ഉപദ്രവിക്കാത്ത തക്ഷകൻ താത്പര്യമില്ലാതിരുന്നിട്ടും ശാപം നിറവേറ്റാൻ മാത്രം കൊട്ടാരത്തിലെത്തി രാജാവിനെ ദംശിച്ചു കൊന്നു. പരീക്ഷിത്തിന്റെ മരണത്തെത്തുടർന്ന് പുത്രനായ ജനമേജയൻ രാജാവായി ചുമതലയേറ്റു. പിതാവിനെപ്പോലെ തന്നെ ജനക്ഷേമകരമായ ഭരണം തന്നെയായിരുന്നു ജനമേജയനും കാഴ്ചവച്ചിരുന്നത്. എങ്കിലും പിതാവ് ഒരു സർപ്പം കടിച്ചു മരിക്കാൻ ഇടയായതിൽ നാഗങ്ങളോട് ഒരുവിരോധം അദ്ദേഹത്തിനുണ്ടായി. പ്രത്യേകിച്ചും തക്ഷകനോട്. ജനമേജയൻ രാജ്യത്തുണ്ടായിരുന്ന പ്രമുഖ തപസ്വികളേയും മഹർഷിമാരേയും ബ്രഹ്മണരേയും മറ്റും വിളിച്ചുവരുത്തി പുരാണങ്ങളിൽ പരാമർശിക്കുന്ന സർപസത്രം എന്ന യാഗം നടത്തുവാൻ കഴിയുമോ എന്നാരാഞ്ഞു.
ആഗതരായ മഹർഷിമാരിൽ ഏറ്റവും പ്രധാനിയായത് ഉത്തങ്ക മഹർഷിയായിരുന്നു. അദ്ദേഹം സർപസത്രത്തിന്റെ നടപടിക്രമങ്ങളും പ്രയാസങ്ങളും കാലാവധിയും ധനച്ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും ഒക്കെ രാജാവിനെ ധരിപ്പിച്ചു. സർപയജ്ഞം നടത്തിയാൽ തക്ഷകൻ മാത്രമല്ല നിരപരാധികളായ മറ്റനേകം നാഗങ്ങളും ചത്തൊടുങ്ങും എന്നറിയാമായിരുന്നതിനാൽ ബ്രഹ്മഹത്യാപാപം ഒഴിവാക്കാൻ സത്രം നടത്തരുതെന്നായിരുന്നു മഹർഷിമാരുടെ ആഗ്രഹം. കൂടാതെ പരീക്ഷിത്തിനെ കടിക്കാനിടയായത് തക്ഷകന്റെ താത്പര്യപ്രകാരമല്ല. പകരം ശാപം നിറവേറ്റാൻ നിർബന്ധിതമായതിനാൽ മാത്രമാണെന്നും അതിനാൽ തക്ഷകൻ പൂർണമായും നിരപരാധിയാണെന്നും അവർ വിശ്വസിച്ചിരുന്നു.
മഹർഷിമാരുടെ ഉള്ളിലിരുപ്പ് മനസിലാക്കിയ ജനമേജയൻ ഉത്തങ്ക മഹർഷിയെ തന്നെ യജ്ഞാചാര്യനായി നിയമിച്ച് സർപസത്രത്തിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കി. അതിവിശാലമായ യാഗശാലയും നിർമ്മിച്ചു. യാഗശാല നിർമ്മിച്ച തച്ചൻ വാസ്തു ലക്ഷണം അനുസരിച്ച് ഒരു വിപ്രനാൽ യജ്ഞം തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്നും യാഗശാലയിൽ കർശനമായ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും രാജാവിനെ അറിയിച്ചു. ഉടനെതന്നെ തന്റെ അനുമതിയില്ലാതെ യാഗശാലയിൽ ആരും പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവും രാജാവ് പുറപ്പെടുവിച്ചു.
തികഞ്ഞ ബന്ധവസിൽ സർപ്പയജ്ഞം ആരംഭിച്ചു. യാഗം പുരോഗമിക്കുന്നതനുസരിച്ച് എവിടെ നിന്നെന്നറിയില്ല പല നീളത്തിലും നിറത്തിലും, വലിപ്പത്തിലും രൂപത്തിലുമുള്ള നാഗങ്ങൾ ഹോമകുണ്ഡത്തിൽ വന്നുവീഴാൻ തുടങ്ങി. ഒറ്റയ്ക്കും ചെറിയ കൂട്ടമായും വലിയ കൂട്ടമായും ഒക്കെ നാഗങ്ങൾ വന്നു പതിക്കുന്നതും തീയിൽ വെന്തു മരിക്കുന്നതും ജനമേജയൻ കാണുന്നുണ്ടായിരുന്നു. എങ്കിലും തക്ഷകൻ വരുന്നുണ്ടോ എന്നറിയാനായിരുന്നു രാജാവിന്റെ താത്പര്യം. തക്ഷകൻ വരാത്തതിൽ രാജാവ് കർമ്മികളോട് അതൃപ്തി അറിയിച്ചു. രാജാവിന്റെ ആഗ്രഹം മനസിലാക്കിയ ഉത്തങ്കൻ തക്ഷകൻ വരാത്തതിന്റെ കാരണം എന്തെന്നറിയാൻ ശ്രമിച്ചു. ദിവ്യദൃഷ്ടിയിൽ തക്ഷകൻ ദേവലോകത്ത് ദേവേന്ദ്രന്റെ സിംഹാസനത്തിൽ സുഖമായി ദേവേന്ദ്രനോടൊപ്പം നേരം പോക്കുകൾ പറഞ്ഞിരിക്കുന്നത് കാണാനിടയായത് മഹർഷി രാജാവിനെ അറിയിച്ചു.
'' നിങ്ങൾ തക്ഷകനെ ആവാഹിക്കുവിൻ" രാജാവ് കല്പിച്ചു. നിവൃത്തിയില്ലാതെ തക്ഷകനെവരുത്താൻവേണ്ടിയുള്ള പ്രത്യേകഹോമം തുടങ്ങി. ദേവേന്ദ്രന്റെ സിംഹാസനം ഇളകുന്നത് ശ്രദ്ധയിൽപ്പെട്ട ദേവേന്ദ്രൻ ഭയചകിതനായി. എങ്കിലും ഭയം മറച്ചുവച്ച തക്ഷകാ നമുക്ക് യാഗശാല വരെ ഒന്നുപോയി നോക്കാം.നാം ഉടനെ പോയില്ലെങ്കിൽ സിംഹാസനത്തോടെ അഗ്നിയിൽ പതിക്കുന്ന സ്ഥിതി വന്നേക്കാം. അതിനാൽ നമുക്ക് എന്റെ വിമാനത്തിൽ പോകാം.താങ്കൾ ഒരു ചെറിയ നാഗത്തിന്റെ രൂപത്തിൽ എന്റെ തലപ്പാവിൽ ഒളിഞ്ഞിരുന്നാൽ മതി."
(ലേഖകന്റെ ഫോൺ: 9447750159)