d

തിരുവനന്തപുരം: ജയിലിലുള്ള പ്രതിയുടെ നിർദ്ദേശാനുസരണം ഭാര്യയുടെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് കച്ചവടം ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. സംഘത്തിന് വേണ്ടി മയക്കുമരുന്ന് കടത്തിയ കാട്ടാക്കട വേങ്കറ ചിഞ്ചു ഭവനിൽ ഭരത് കുമാറിനെ 607 ഗ്രാം ഹാഷിഷ് ഓയിലുമായാണ് സംഘം പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ സഹായിച്ച നിഷ മെൽബിനെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് പറയുന്നതിങ്ങനെ: പതിനാലോളം ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഭരത്കുമാർ ജയിലിൽവച്ച് പരിചയപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതികളുടെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. നിലവിൽ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കൊന്നത്തടി പെരിഞ്ചാംകുടി മൂലേപ്പറമ്പിൽ വീട്ടിൽ മെൽബിനാണ് പദ്ധതി ആസൂത്രണം ചെയ്തത്. മെൽബിനിന്റെ ഭാര്യ നിഷ മെൽബിനായിരുന്നു ഇതിനാവശ്യമായ സഹായങ്ങൾ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിഷയെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇസ്പെക്ടർ ടി. അനിൽകുമാർ, ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർ ഹരികുമാർ, ഷാജഹാൻ, രാജേഷ്‌കുമാർ, സുബിൻ, രാജേഷ്, ശ്രീലാൽ, ബിനു ജിതേഷ്, വിപിൻ, ബിജു, റജീന എന്നിവർ ഉണ്ടായിരുന്നു.