സമയമില്ലേ! ഈ ഭൂമിയിലെ ഏവർക്കും ഒരുദിവസം എന്നത് ഇരുപത്തിനാലുമണിക്കൂർ മാത്രമാണ്. സമ്പന്നനും ദരിദ്രനും എന്നോ പണ്ഡിതനും പാമരനും എന്നോ സ്ത്രീയെന്നും പുരുഷനുമെന്നോ വ്യത്യാസമില്ലാതെ ഏവർക്കും തുല്യമായി ലഭിക്കുന്ന ഒന്നാണ് സമയം. ഈ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഒരു വ്യക്തിയുടെ ജീവിതവിജയത്തെ പ്രധാനമായി സ്വാധീനിക്കുന്ന ഘടകം.
ചെറിയക്ലാസിലെ കുട്ടികൾ മുതൽ ലോകകോടീശ്വരന്മാർ വരെ പറയുന്ന ഒരു പല്ലവിയുണ്ട്.
''സമയമില്ല.""
ഒന്നിനും നമുക്ക് സമയമില്ല. എവിടെയാണീ സമയം പോകുന്നത്?
സമയം സ്ഥിരമാണ്. അത് എങ്ങും പോകുന്നില്ല. എല്ലാവർക്കും ഒരേപോലെ കിട്ടുകയും വിവിധ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് സമയം. സമയത്തെക്കുറിച്ച് പരാതി പറയാത്തവർ കുറവാണ്. ഒന്നിനും തികയുന്നില്ല. സമയമെന്ന പല്ലവി പാടുന്നവരിൽ വെറുതെ ഒരു ജോലിയുമില്ലാതെ അലഞ്ഞുനടക്കുന്നവരും ഉണ്ടെന്നതാണ് വിചിത്രം. ഒരു ദിവസത്തിലെ ഇരുപത്തിനാലുമണിക്കൂറുകൾ ശാസ്ത്രീയമായും യുക്തിസഹമായും ഉപയോഗപ്പെടുത്തിയാൽ നമുക്ക് ഈ പരാതി ഒഴിവാക്കാം. അടുക്കും ചിട്ടയുമുള്ള ജീവിതത്തിൽ സമയമുണ്ടാകും. എല്ലാത്തിനും. മുൻഗണനാക്രമം നിശ്ചയിച്ച് നിത്യേനയുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കാം. ഇംഗ്ളീഷിൽ ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ഓർഗനൈസ്ഡ്!
എങ്ങനെയാണ് ഓരോ ദിവസവും സുസംഘടിതമായി കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തു തീർക്കുന്നത്? അതിന് ചില ലളിതമായ ഉപായങ്ങൾ ഉണ്ട്. അതിനായി ചില ശീലങ്ങൾ നാം ആർജിക്കേണ്ടതുണ്ട്.
ചെയ്യേണ്ട കാര്യങ്ങൾ എഴുതിവയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഓർമ്മയിൽ ഉണ്ടല്ലെ പിന്നെന്തിനാണ് എഴുതിവയ്ക്കുന്നത് എന്നാവും ചിലർ ചിന്തിക്കുന്നത്? ഓർത്തെടുത്ത് ചെയ്യാൻ എളുപ്പമാണെന്നു വിചാരിക്കുന്നുണ്ടാവും. എന്നാൽ എല്ലായ്പ്പോഴും കൃത്യതയോടെ അത് പാലിക്കാൻ കഴിയില്ല. എല്ലാകാര്യങ്ങളും തലയ്ക്കുള്ളിൽ കുത്തിനിറച്ച് ചിന്താകുഴപ്പം ഉണ്ടാക്കേണ്ട കാര്യമില്ല. ഒരു ദിവസം ചെയ്തുതീർക്കേണ്ട കാര്യങ്ങൾ അതിരാവിലെയോ തലേദിവസം രാത്രിയിലോ മുൻഗണനാക്രമമനുസരിച്ച് അക്കമിട്ട് എഴുതിവയ്ക്കുക.
പലചരക്കുകടയിൽ പോകേണ്ടതും കല്യാണ വിരുന്നിനു പങ്കെടുക്കേണ്ടതും ആശുപത്രി തുടർ പരിശോധനയ്ക്കു പോകേണ്ടതുമെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടുത്തണം.
വെറുതെ എഴുതിവച്ചാൽ പോര. അത് ചെയ്തു തീർക്കാനുള്ളസമയവും എഴുതണം. ഓരോ ജോലിക്കും ഒരു ഡെഡ്ലൈൻ ഉണ്ടാകുമെന്നർത്ഥം. ദിവസം, ആഴ്ച, മാസം, വർഷം എന്നിങ്ങനെ ഡെഡ്ലൈൻ വിഷയത്തിന് ആനുപാതികമായി നിശ്ചയിക്കണം.
ഓരോ വസ്തുക്കൾക്കും വീട്ടിലും ഓഫീസിലും ഒരു നിശ്ചിതസ്ഥാനം നിർണയിച്ചാൽ അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാം. താക്കോലും കണ്ണടയും പേഴ്സും മരുന്നുകുപ്പിയുമൊക്കെ തിരഞ്ഞ് സമയവും സമാധാനവും നഷ്ടപ്പെടുത്തുന്നവരാണ് നമ്മിൽ പലരും.
ഇടയ്ക്കിടെ മുറിയും മേശപ്പുറവുമൊക്കെ വൃത്തിയാക്കുന്നത് സമയം ലാഭിക്കാനുള്ള ഉപായമാണ്. ആഴ്ചയിലൊരിക്കിൽ എങ്കിലും പഴയപേപ്പറുകളും അനാവശ്യവസ്തുക്കളും ചവറുകുട്ടയിലിടാൻ സമയം കണ്ടെത്തണം. ഇത് പ്രധാനപ്പെട്ട പേപ്പറുകളും വസ്തുക്കളും നമ്മുടെ ശ്രദ്ധയിൽ തന്നെ നിറുത്താൻ സഹായിക്കും.
ആവശ്യമുള്ളത്രമാത്രം സൂക്ഷിക്കുന്നത് ഒരു ശീലമാക്കണം. മുറിയിലും ജോലിസ്ഥലത്തുമൊക്കെ അനാവശ്യവസ്തുക്കൾ കുന്നുകൂടുന്നത് നമുക്ക് ജോലിയിൽ ഉള്ള ഉത്സാഹം കുറയ്ക്കുകയും ഏകാഗ്രത നശിപ്പിക്കുകയും ചെയ്യും.
ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നതാണ് കൃത്യസമയത്ത് ജോലിതീർക്കാനുള്ള മറ്റൊരുവഴി. നമ്മുടെ ജോലി പലർക്കായി പൂർണ ഉത്തരവാദിത്വത്തോടെ നൽകുകയും അവരെ നയിക്കുകയും മേൽനോട്ടം നടത്തുകയും ചെയ്യുക എന്നതാണ് ഒരു നല്ല നേതാവിന്റെ രീതി. എല്ലാവർക്കും സന്തോഷവും സ്വാഭിമാനവും കൂടാനും സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാനും ഇത് പ്രയോജനപ്പെടും. അപ്പോൾ സമയമില്ലാത്തതല്ല മറിച്ച് മുൻഗണനാക്രമവും ജോലിതീർക്കേണ്ട സമയവും നിശ്ചയിച്ച് ജാഗ്രതയോടെ കാര്യങ്ങൾ നടത്താത്തതാണ് സമയക്കുറവിന് കാരണമെന്നു മനസിലായില്ലേ. കൃത്യമായ ആസൂത്രണത്തോടെ ഒരു ദിവസം സമയത്തെ വിനിയോഗിച്ച് നോക്കൂ. അത് പുത്തൻ ആത്മവിശ്വാസം നൽകും.